ആലപ്പുഴ: ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് 32 ലക്ഷം മുന്‍കൂറായി നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. ഓണക്കാലത്ത് ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാർക്ക് കഴിഞ്ഞ നാലഞ്ചു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഓണക്കാലത്ത് അവരുടെ കുടുംബങ്ങൾ പട്ടിണിയിലാകരുത് എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ, സാങ്കേതിക കുരുക്കുകൾ നീളുകയാണെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്ന് ₹32 ലക്ഷം രൂപ മുൻകൂറായി നൽകി ശമ്പള കുടിശ്ശിക തീർക്കാൻ ഞാൻ തയ്യാറായിരുന്നു.
ആലപ്പുഴയിലെ മീറ്റിംഗ് കഴിഞ്ഞ് കൊല്ലത്തേക്ക് പോകുന്ന വഴിയിൽ എന്റെ ഓഫീസ് മുഖേന നിരന്തരം അവരുടെ അക്കൗണ്ട് വിവരങ്ങൾക്കായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ഒരു മണിയോടെ ആലപ്പുഴ ജില്ലാ കളക്ടറെ ഞാൻ നേരിട്ട് വിളിച്ച് സംസാരിച്ചു. തുടർന്ന് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടുവെന്നും തുക അനുവദിച്ചതായും ടൂറിസം ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം വൈകുന്നേരത്തിനകം ജീവനക്കാരുടെ കൈകളിൽ പണം എത്തിക്കുമെന്നും കളക്ടർ എന്നെ അറിയിച്ചു.
ഞാന്‍ തന്നെ പണം നൽകണമെന്ന വാശിയൊന്നും എനിക്കില്ല. ആര് നൽകി എന്നതിലല്ല, അർഹതപ്പെട്ട ആ പാവം തൊഴിലാളികളുടെ കൈകളിൽ ഈ ഓണക്കാലത്ത് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി എത്തിയോ എന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ട്രഷറിയിലെ ബുദ്ധിമുട്ടുകളും ഭരണപരമായ സമ്മർദ്ദങ്ങളും മനസ്സിലാക്കാവുന്നതേയുള്ളൂ, ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷെ ആരും ഈ ഓണത്തിന് പട്ടിണി കിടക്കാൻ പാടില്ല.
പ്രശ്നം പരിഹരിക്കപ്പെട്ടു, അവർ സന്തോഷത്തോടെ ഓണമുണ്ണും!
ഓണം ഉണ്ണണ്ണം
















