
തിരുവനന്തപുരം : ജെൻസീ കുട്ടികളെ ചില വിദേശശക്തികൾ പാറ്റകളും മയക്കുമരുന്നിന് അടിമകളുമാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. അതിനെ ചെറുത്തില്ലെങ്കിൽ എന്തിനാണ് വി.സി.യായി തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിദേശത്ത് നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നത് യാദൃശ്ചികമായി കാണാനാവില്ല. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ച വിവാദം. പറഞ്ഞത് മനസ്സിൽ ആകാത്തത് കൊണ്ടാണ് കുട്ടികള്‍ നിശബ്ദരായത്. മുതിര്‍ന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിള്‍ പറഞ്ഞത് മനസ്സിലായില്ലെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞുവെന്നും മോഹനൻ കുന്നുമ്മൽ പറയുന്നു.
‘സാധാരണ, അഴുക്കുചാലിൽ കാണാറുള്ളതാണ് പാറ്റകൾ. അങ്ങനെ ആവരുതെന്നാണ് സുപ്രീംകോടതി ജഡ്ജി പറഞ്ഞത്. അപ്പോൾ ഇന്ത്യക്കു പുറത്തുള്ള ഒരാൾ തങ്ങളെല്ലാം പാറ്റകളാണെന്നു സ്വയം പ്രഖ്യാപിക്കുന്നു. അമേരിക്കയിൽനിന്നൊരു ചെറുപ്പക്കാരൻ ഇതു പൊട്ടിച്ചുവിടുകയും ഒട്ടേറെപ്പേർ അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് കരുതാൻ പറ്റുമോ? മാതൃഭൂമിയെ അറിയുന്ന എല്ലാവരും വന്ദേമാതരം പാടുമെന്ന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? എന്റെ വാക്കുകൾ ദുഷ്ടബുദ്ധിയോടെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ള ആർ.എസ്.എസിന് എന്റെ സഹായം ആവശ്യമില്ല.‘ എന്നും അദ്ദേഹം പറഞ്ഞു
‘എന്തും ചെയ്യാനുള്ള കഴിവുള്ളവരാണ് ജെൻസീ വിഭാഗത്തിൽപ്പെടുന്നത്. ഈ കുട്ടികൾ പാറ്റകളല്ല. അവരെ സിംഹങ്ങളെന്നാണ് ഞാൻ വിശേഷിപ്പിച്ചത്. അതു സുഭാഷ് ചന്ദ്രബോസിന്റെ വാക്കാണ്. സിംഹത്തിനല്ലേ, പാറ്റയേക്കാൾ നന്നായി പ്രതികരിക്കാനാവുക’ എന്നും മോഹനൻ കുന്നുമ്മൽ ചോദിച്ചു.