ന്യൂദല്‍ഹി: നാല് വയസിന് താഴെ കുട്ടികളില്‍ ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍.
ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളുടെ നിര്‍മാണം, വില്‍പന, വിതരണം എന്നിവയ്‌ക്ക് നിയന്ത്രണവും കേന്ദ്ര ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് മരുന്നിന്റെ ലേബലുകളിലും പാക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വിദഗ്ധ സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെയും ശിപാര്‍ശകളുടെ ഭാഗമായാണ് തീരുമാനം. ഇത്തരം ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നാല് വയസിന് താഴെ കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്നും കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്ക് പ്രായപരിധി മുന്നറിയിപ്പോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.











