ന്യൂദല്‍ഹി: ഭാരതത്തിന്റെ ആദ്യത്തെ എഐ ഫൈറ്റര്‍ ജെറ്റിന്റെ പരീക്ഷണ മാതൃകയായ ‘എഫ്ഡബ്ല്യുഡി സുപ്രീം ലൈറ്റ്’ പുറത്തിറക്കി. വിമാനത്തിന്റെ വീഡിയോ പ്രിവ്യൂ ആണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രമുഖ പ്രതിരോധ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫ്‌ലൈയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ആണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിമാനത്തിന്റെ ആദ്യ പറക്കല്‍ നടക്കുമെന്നാണ് പ്രതീക്ഷ.
വിലകൂടിയ വിമാനങ്ങളെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത യുദ്ധരീതിക്ക് പകരം, കൂടുതല്‍ എഐ യുദ്ധവിമാനങ്ങള്‍ ഒരേസമയം ഉപയോഗിച്ച് ശത്രുക്കളെ കൂട്ടത്തോടെ നേരിടുന്ന ‘മോബിങ് ഡോക്ട്രിന്‍’ എന്ന നവീന തന്ത്രമാണ് ഈ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ ചെലവില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ ഭാരതത്തിന് സാധിക്കും.
വലിയ റണ്‍വേകളുടെ സഹായമില്ലാതെ ചെറിയ സ്ഥലങ്ങളില്‍ നിന്നുപോലും കുതിച്ചുയരാന്‍ സഹായിക്കുന്ന റോക്കറ്റ് അസിസ്റ്റഡ് ടേക്ക്-ഓഫ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്.
ഭാവിയിലെ യുദ്ധങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായിരിക്കും നിര്‍ണായക പങ്ക് വഹിക്കുകയെന്നും, ലോകം പുതിയ സാങ്കേതികവിദ്യകളിലേക്ക് കുതിക്കുമ്പോള്‍ ഭാരതം വെറുമൊരു കാഴ്ചക്കാരനാകാതെ മുന്‍പന്തിയില്‍ തന്നെയുണ്ടാകണമെന്നും ഫ്‌ളൈയിങ് വെഡ്ജ് ഡിഫന്‍സ് സിഇഒ സുഹാസ് തേജസ്‌കന്ദ വ്യക്തമാക്കി.











