കോഴിക്കോട് : വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്ത കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ത്യ വിഭജനത്തിനു ശേഷം ദേശീയ ഗീതമായ വന്ദേ മാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരെല്ലാം പാകിസ്താനിൽ പോയി.
ഇവിടെ ജീവിക്കുന്ന താൻ ഉൾപ്പെടെയുള്ള മുസ്ലീങ്ങൾ ദേശീയ മുസ്ലീങ്ങൾ ആണ്. ഞങ്ങൾ ഈ ഗാനം പൂർണമായി പാടുമെന്നും പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വന്ദേമാതര സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെങ്കിൽ, പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ നിയമങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണ്. ഇതിനെ വെല്ലുവിളിക്കുന്നവർക്ക് ജനാധിപത്യ രാജ്യത്ത് തുടരാനാകില്ല, അബ്ദുള്ളക്കുട്ടി പറഞ്ഞു. ലീഗ് മതേതര പാർട്ടിയാണെന്നാണ് കോൺഗ്രസുകാർ പറഞ്ഞുനടക്കുന്നതെന്നും എന്നാൽ, ജിന്നയുടെ രാഷ്‌ട്രീയവികാരം ഉൾക്കൊള്ളുന്ന ഒരു വലിയ ശക്തി ഇന്ന് ലീഗിനുള്ളിലുണ്ടെന്നും അദ്ദേഹം വിമർശിച്ചു
വന്ദേമാതരം മുസ്ലീംകൾക്ക് എതിരാണെന്ന് പറയുന്നത് അസംബന്ധമാണെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പരിശുദ്ധ ഖുറാൻ മനപാഠമാക്കിയ അബ്ദുൽ കലാം ആസാദ് പാടിനടന്ന പാട്ടാണിത്. ദേശസ്‌നേഹം ഈമാന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ ഈമാൻ കാര്യത്തിൽ ആറെണ്ണത്തിൽ ഒന്ന് എല്ലാ പ്രവാചകൻമാരെയും ബഹുമാനിക്കണം എന്നാണ് . എന്നാൽ, വന്ദേമാതരം മുസ്ലിങ്ങളുടെ ഏകദൈവ വിശ്വാസത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.












