Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരിപ്പാട്: കരുവാറ്റയില്‍ വയോധികന്‍ ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഉറ്റബന്ധുവായ പതിമൂന്നുകാരി ഉള്‍പ്പടെ പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നാളെ ഹരിപ്പാട് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പ്രശ്നങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷവും ചില്‍ഡ്രന്‍സ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും പെണ്‍കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.

പോലീസിനെ തുടക്കം മുതല്‍ വഴിതെറ്റിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി ഒരേ തിരക്കഥ തയാറാക്കിയിരുന്നു. പിടിയിലായാല്‍ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും എന്ത് മൊഴി നല്‍കണമെന്നും ഇവര്‍ നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്നു. കൊല്ലത്തെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് മൂന്ന് ആണ്‍കുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാന്‍ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നില്‍ ഒരേ കള്ളക്കഥ തന്നെ ആവര്‍ത്തിച്ചു.

പെണ്‍കുട്ടിക്ക് വയറ്റില്‍ മുഴയുണ്ടെന്നും ഇതിന്റെ സര്‍ജറിക്കായി പണം നല്‍കാനാണ് തങ്ങള്‍ ഹരിപ്പാട്ട് എത്തിയതെന്നുമായിരുന്നു ഇവരുടെ മൊഴി. തങ്ങള്‍ പണം നല്‍കി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. സംഭവത്തിന് ശേഷം കൊലപാതക സംശയം സ്വന്തം അച്ഛനിലേക്ക് തിരിച്ചുവിട്ട് പോലീസിനെ തെറ്റിധരിപ്പിക്കാന്‍ 13 വയസുകാരിയും ശ്രമിച്ചിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷനുകളും കൃത്യമായ സമയക്രമവും നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് ഒടുവില്‍ കുറ്റം സമ്മതിക്കേണ്ടി വന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് ആണ്‍സുഹൃത്തിന് കര്‍ശനനിര്‍ദേശം നല്‍കിയതും താനാണെന്നും പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
18നു വയസ്സിന് താഴെയുള്ളവര്‍ പ്രതികളായ കേസുകളുടെ ജുഡീഷ്യല്‍ ചുമതല ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനാണ്. ഒരു മജിസ്ട്രേറ്റും രണ്ടു ജുഡീഷ്യല്‍ അംഗങ്ങളുമുള്ള ബോര്‍ഡിന് പരമാവധി വിധിക്കാവുന്ന ശിക്ഷ മൂന്നു വര്‍ഷം സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കലാണ്. അതേ സമയം 16, 18 പ്രായപരിധിയിലുള്ളവര്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവരെ മുതിര്‍ന്നവരായി കണ്ട് കുട്ടികളുടെ കോടതിയില്‍ വിചാരണ നടത്തണമെന്ന് ബോര്‍ഡിന് തീരുമാനിക്കാം.

ഈ കേസില്‍ പെണ്‍കുട്ടിക്ക് 13 വയസായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തന്നെയാണ് വിചാരണ നടത്തേണ്ടത്. അതേ സമയം കൊലപാതകം നടത്തിയ മൂന്ന് ആണ്‍കുട്ടികള്‍ 16, 17 വയസ്സുകാരായതിനാല്‍ മുതിര്‍ന്നവരായി പരിഗണിച്ചുള്ള വിചാരണ വേണോയെന്ന് ബോര്‍ഡിന് തീരുമാനിക്കാം.

കേസില്‍ പിടിയിലായ കൗമാരക്കാരെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 15ന് രാത്രിയാണ് പെണ്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കളായ മൂവര്‍സംഘം കൊലപാതകം നടത്തിയത്. വീട്ടില്‍ നിന്ന് സ്വര്‍ണവും കവര്‍ന്നു. ഇതെ സമയം ശിവന്‍കുട്ടിയുടെ ഭാര്യ, മകളുടെ പ്രസവശുശ്രൂഷയ്‌ക്കായി ആശുപത്രിയിലായിരുന്നു. പെണ്‍കുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നു.

Recent Posts