തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് വീണയ്‌ക്ക് സേവനത്തിനു ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള പത്രവാര്‍ത്ത പച്ചക്കള്ളമെന്ന് പി.എ. മുഹമ്മദ് റിയാസ്. അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾക്ക് വിശദമായ മറുപടി നൽകിയതാണെന്നും, തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന ബോധ്യമുണ്ടെന്നും പി.എ. മുഹമ്മദ് റിയാസ്. അന്വേഷണം നടക്കുന്നതിനാലും, നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്.
ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഹവാല ഇടപാടിൽ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും അന്വേഷണം നടത്താൻ ഇ ഡി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്. കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍.
ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും.
















