Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗാള്‍: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് വിജയത്തോടെ ഭാരതം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റുകള്‍ കൂടി കരസ്ഥമാക്കി. ആതിഥേയര്‍ക്കെതിരെ ഭാരതം നേടിയത് 165 റണ്‍സ് വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 462 റണ്‍സെടുത്ത ഭാരതത്തിനെതിരെ ശ്രീലങ്ക 284 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭാരതം 193 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലങ്കന്‍ ലക്ഷ്യം 372 റണ്‍സായി ഉയര്‍ന്നു. ഇതിനെതിരെ ഇറങ്ങിയ ആതിഥേയരുടെ പോരാട്ടം അവസാനിച്ചത് 206 റണ്‍സില്‍.

ഗാള്‍ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ ശ്രീലങ്കയുടെ ആറ് വിക്കറ്റ് കൂടി വീഴ്‌ത്തിയാല്‍ ഭാരതത്തിന് ജയിക്കാമായിരുന്നു. തലേന്ന് അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ സോനാല്‍ ദിനുഷയും ഭാരത വിജയം നീട്ടിക്കൊണ്ടുപോയി. ഭാരതം മുന്നില്‍ വച്ച അപ്രാപ്യമായ 372 റണ്‍സിനെതിരെ നാലാം ദിവസം ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയ്‌ക്ക് 47 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ്. അഞ്ചാം വിക്കറ്റില്‍ ധനഞ്ജയ-ദിനുഷ സഖ്യം 95 റണ്‍സാണ് നേടിയത്. ധനഞ്ജയയെ പുറത്താക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഭാരത ക്യാമ്പ് വിജയം മണത്തു തുടങ്ങി. ഏഴ് ബൗണ്ടറിയുടെ അകമ്പടിയില്‍ നേടിയെടുത്ത അര്‍ദ്ധ സെഞ്ചുറി(59) പ്രകടനവുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മറുവശത്ത് തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ദിനുഷയെ(84) ഭാരത സ്പിന്‍ ബൗളര്‍ മാനവ് സുത്താര്‍ അത്യുഗ്രന്‍ സ്പിന്‍മികവില്‍ പുറത്താക്കി. ലങ്കന്‍ നിരയില്‍ പിന്നീട് കെഷാര നുവാന്ത(20) മാത്രമാണ് പൊരുതി നോക്കിയത്.

അവസാന ദിവസം നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചുകൊണ്ട് മാനവ് രണ്ടാം ഇന്നിങ്‌സിലെ ആകെ വിക്കറ്റ് നേട്ടം ആറാക്കി ഉര്‍ത്തി. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടി മുന്നിലായിരുന്നു. സുതാറിന്റെ കരിയറിലെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്.

ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഭാരതം 1-0ന് മുന്നിലായി. രണ്ടാം മത്സരം 23ന് കൊളംബോയില്‍ ആരംഭിക്കും.

Recent Posts