ബെംഗളൂരു: സ്വാതന്ത്ര്യദിനത്തില്‍ മാത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എംടി വാച്ച് കമ്പനി 35 ലക്ഷം രൂപയുടെ വാച്ചുകള്‍ വിറ്റഴിച്ചു. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യദിന ശേഖരത്തിന് ലഭിച്ച വന്‍ പ്രതികരണം പൊതുമേഖലാ വാച്ച് നിര്‍മാതാക്കളായ എച്ച്എംടിയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ വാച്ചുകള്‍ വാങ്ങുന്നതിനായി ബെംഗളൂരുവിലെ ജാലഹള്ളി എച്ച്എംടി ഫാക്ടറിക്ക് പുറത്ത് ഉപഭോക്താക്കള്‍ 2.5 കിലോമീറ്ററിലധികം നീളുന്ന ക്യൂവില്‍ കാത്തുനിന്നുവെന്നും, തലമുറകളെ മറികടന്ന് എച്ച്എംടി ബ്രാന്‍ഡിനോടുള്ള താത്പര്യം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ സാംസ്‌കാരിക സ്വത്വവും പൈതൃകവും പ്രതിനിധീകരിക്കുന്നതും പുരാണങ്ങളിലെ അദ്ഭുത കഥാപാത്രമായ രണ്ട് തലയുള്ള ഗണ്ടബെരുണ്ടയുടെ രൂപവും കന്നഡ അക്കങ്ങളും ഉള്‍പ്പെടുത്തിയതായിരുന്നു എച്ച്എംടി പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ വാച്ച്. വിപണിയിലെത്തിയതിന് പിന്നാലെ ഗണ്ടബെരുണ്ട എഡിഷന്റെ സ്റ്റോക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി എച്ച്എംടിയുടെ വാച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനായി മുന്‍ നിതി ആയോഗ് അംഗം വി.കെ. സരസ്വത് അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സമിതി പദ്ധതി വിശദമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഫാക്ടറിയെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിലെ റിക്കാര്‍ഡ് വില്‍പനയും ലിമിറ്റഡ് എഡിഷന്‍ വാച്ചുകള്‍ക്കായി ഉപഭോക്താക്കള്‍ കിലോമീറ്ററുകളോളം കാത്തുനിന്നതും എച്ച്എംടി വാച്ച് കമ്പനിയുടെ തിരിച്ചുവരവിന്റെ വലിയ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.












