Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്:മാസപ്പടി കേസിലെ ഇഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. ഇഡി പുകമറ സൃഷ്ടിക്കുന്നുവെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തു കളിയാണ് റെയ്‌ഡെന്നാണ് ആക്ഷേപം.ഇഡിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുമെന്നും പി എ മുഹമ്മദ് റിയാസിന്റെത് സംശുദ്ധ രാഷ്‌ട്രീയ ജീവിതമാണെന്നും മെഹബൂബ് പറഞ്ഞു. ഇഡിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡ് ആണെന്നും നിഖിലിന് രാഷ്‌ട്രീയ പിന്തുണ നല്‍കുമെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.കേസിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും.

മാസപ്പടി കേസില്‍ കൊച്ചി ഇ ഡി സംഘം കോഴിക്കോട് വ്യാപക പരിശോധനയാണ് നടത്തുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് 12 മണിക്കൂര്‍ പിന്നിട്ടു. സിപി എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്‌ലാറ്റിലും തറവാട് വീട്ടിലും ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന.

മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇ ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെ പരിശോധന .പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ഡയറിയില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചതെന്നാണ് സൂചന.ബിനാമി ഇടപാടുകളുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

 

Recent Posts