ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം പൂള്‍ ഡി മത്സരത്തില്‍ ഭാരത വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ വാഗര്‍ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ലോക നാലാം റാങ്കുകാരും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളുമായ ചൈനയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സലിമ ടെറ്റെയുടെ നേതൃത്വത്തിലുള്ള ഭാരത സംഘം ഇറങ്ങുന്നത്. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ചൈനയ്‌ക്കെതിരെ രണ്ട് തവണ മുന്നിലെത്തിയ ശേഷം 2-2 എന്ന നിലയിലാണ് ഭാരതം സമനില വഴങ്ങിയത്. ഭാരതത്തിനായി നവനീത് കൗറും ദീപികയും മികച്ച ഫീല്‍ഡ് ഗോളുകള്‍ നേടി. ശക്തരായ ചൈനയ്‌ക്കെതിരെ പൊരുതി നേടിയ ഈ സമനില ഇന്ത്യക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. പൂള്‍ ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്തി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള വിജയം ഭാരതത്തിന് അനിവാര്യമാണ്.
മറുഭാഗത്ത്, തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് (4-0) പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അതിനാല്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ അവര്‍ക്കും വിജയം അത്യന്താപേക്ഷിതമാണ്.
പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന സന്തുലിതമായ ടീമുമായാണ് ഭാരത ലോകകപ്പ് പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. 313ലധികം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നയായ ഗോള്‍കീപ്പര്‍ സവിത പുനിയയാണ് പ്രതിരോധനിരയുടെ നട്ടെല്ല്. 200ലധികം മത്സരങ്ങള്‍ കളിച്ച അഞ്ച് താരങ്ങള്‍ ടീമിലുണ്ട്. ചൈനയ്‌ക്കെതിരായ മത്സരത്തില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തിലെ സമനില ഭാവിയിലേക്കുള്ള മികച്ച സൂചനയാണെങ്കിലും, അമിത ആത്മവിശ്വാസം ടീമിന് ദോഷം ചെയ്യുമെന്ന് മുഖ്യ പരിശീലകന്‍ ഷോര്‍ഡ് മാരിന്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയെ നിസ്സാരരായി കാണാതെ, തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് ആദ്യ വിജയം സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും പരിശീലകന്‍ ഷോര്‍ഡ് മാരി വ്യക്തമാക്കി.
















