
ചുരുങ്ങിയ കാലംകൊണ്ട് സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. പേരും പെരുമയും പട്ടുംപുടവയും നേടിയ സംഗീതസാമ്രാട്ടായി. ഒരാളുടെ ശിഷ്യത്വത്തിലും സംഗീതമഭ്യസിച്ചിട്ടില്ല. എന്നിട്ടുംപ്രശസ്തനായി-ജോണ്‍സണ്‍.
ഗിന്നസ് ബുക്കിലും വരേണ്ടതാണ്. കേള്‍വിക്കാരുടെ ഇമ്പമാര്‍ന്ന ശുദ്ധമദ്ദള ട്യൂണുകള്‍ കാലം മറക്കില്ല. അദ്ദേഹത്തിന്റെ കലാവാസനയുടെ യൗവനകാല കുസൃതികള്‍പോലും കേള്‍ക്കാന്‍ ബഹുരസമാണ്.
കന്നിക്കൊയ്‌ത്ത്
തൃശൂര്‍ ടൗണ്‍ഹാളില്‍ യുവജനോല്‍സവത്തിന്റെ ബോര്‍ഡു കണ്ടു. പെരുമഴയ്‌ക്കു മറക്കുടയെന്ന സൂത്രം ഉദിച്ചു. ഇരുവരും ഹാളിലോട്ട് ഓടിച്ചാടിക്കേറി. മേലെ കര്‍ട്ടണ്‍ ഉയര്‍ന്നുകണ്ടു. നേതാവിനെപ്പോലെ മൈക്കിനടുത്തു കുതിച്ചെത്തി. മഴ നനഞ്ഞ ഷര്‍ട്ടുംപാന്റ്‌സും പിഴിഞ്ഞുകൊണ്ടായിരുന്നു അരങ്ങേറ്റം. ബഫൂണായ തൈക്കിഴവന്‍ കണ്ണടക്കാരനെ പരീക്കുട്ടിയെന്നൊരാള്‍ അനുകരണ ശൈലിയ്‌ക്കു പേരിട്ടു കൂവി. കാരണമുണ്ട്. സാക്ഷാല്‍ സിനിമയുടെ സൃഷ്ടാവ് രാമു കാര്യാട്ട് സദസില്‍ ഉപവിഷ്ടനായിരുന്നു. മിമിക്രിക്കു കലോത്സങ്ങളില്‍ നല്ല മാര്‍ക്കറ്റുള്ള കാലമാണ്. അതുകൊണ്ടാകാം കക്ഷിയുടെ തലയിലടുത്ത ബുദ്ധിയുദിച്ചു
കറുത്തമ്മേ… നിലവിളി പ്രഖ്യാപനമിറക്കി. മോണോ ആക്റ്റു രീതിയില്‍ വെപ്രാളം, കൈകാല്‍ ചലിച്ചു. കാഴ്ചക്കാര്‍ പുളിച്ച ഹാസ്യം നിരസിച്ച കൂവലായി.
ശ്ശോ തിരുമാലി ഇതു അറുബോറാണടോ. രാമുകാര്യാട്ടെണീറ്റു. സന്ധിപ്രസംഗമായി.
ആവനാഴിയില്‍ വേറെ വല്ല ഐറ്റംസുമുണ്ടോ? ചുറുചുറുക്കുള്ള കലാകാരന്‍ ഗാംഭീര്യത്തില്‍ മൈക്കില്‍ മോന്തമുട്ടിച്ചു.
ചെമ്മീനില്‍ മന്നാഡേ പാടിയ മാനസമൈനേ വരൂ.. വിഷാദം അപാരമായി മുക്കിമൂളിയതും സദസ്യര്‍ മൂഡൗട്ടായി. ഉച്ചത്തില്‍ മൂര്‍ദ്ദാബാദുവിളി പൊങ്ങി. എന്നാല്‍ രാമുകാര്യാട്ട് സൂത്രത്തില്‍ കാര്യസിദ്ധി വിശദീകരിച്ചു. തന്റെയാ ഹാര്‍മോണിയം വായിച്ച സ്‌റ്റൈല്‍ അസ്സലായി. ഒരു കൈയ്‌ക്കു ചെവിക്കടപ്പിട്ട്… ഒന്നുകൂടിയാ മ്യൂസിഷ്യനെ നേരില്‍ കാണാന്‍ പൂതിയാകുന്നു. പാട്ടുവേണ്ടാ. ഫുള്‍സ്വിങ് ആംഗ്യചേര്‍ച്ച മതി. ചുമ്മാ മൂളിച്ചയില്‍ പാട്ടിനു പദം പിടിച്ചോളൂ.
ജോണ്‍സേട്ടന്‍ വാശിക്കു ശ്വാസംപിടിച്ചു. മുഴുവന്‍ ഗാനം മുക്കിമൂളി ആലപിക്കലായി. പറ്റാവുന്ന വായ്ഇന്‍സ്ട്രുമെന്റേഷനോടെ. കഴിവാര്‍ന്ന വരപ്രസാദം സ്റ്റേജിലവതരിപ്പിച്ചു. സംഗീതവാസനയുടെ ഇടുത്തടി തന്നെയായിരുന്നു പ്രകടനം. ഹായ്. സലില്‍ സാഹബിന്റെ വരവണ്ണം തെറ്റാത്ത ഡ്യൂപ്ലിക്കേറ്റ്. അഭിപ്രായം പൊടിപൊടിച്ചു. അതോടെ സദസു വില്ലാളിവീരനു ജയഭേരി മുഴക്കി. കലാകാരനപ്പഴും സലില്‍ ചൗധരിയെ വാര്‍ത്തുവച്ച മെഴകുപ്രതിമയായി നിന്നുകൊടുത്തു. സംഗീത ശില്പിക്കു യുവസൗഹൃദത്തിന്റെ പ്രണാമം.
പള്ളിയങ്കണം പ്രാക്ടീസ്
കലാസംഘടനയായ വോയ്‌സ് ഓഫ് ട്രിച്ചൂറില്‍ ചേരും മുമ്പേ ജോണ്‍സേട്ടന്‍ തൃശൂര്‍, നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പളളി ക്വയറിന്റെ ലീഡറായിരുന്നു.
സന്ധ്യാനേരത്തെ കുരിശുമണി പ്രാര്‍ത്ഥന തീര്‍ന്നാല്‍ പള്ളിയങ്കണം ഭക്തിഗാനകച്ചേരിയാക്കും. കൂടെ ക്വയര്‍ മാസ്റ്ററുടെ വായ്‌പ്രകടനമായി. വിചിത്രതരം ആസ്വാദജനകമാര്‍ന്ന ശബ്ദകോലാഹലങ്ങള്‍! കേള്‍ക്കുന്നവര്‍ താനെ കോള്‍മയിര്‍ കൊള്ളും. അത്ഭുതപരതന്ത്രരായി പോകും. ചീവീടുതൊട്ടു സിംഹഗര്‍ജ്ജനം വരെ നിഷ്പ്രയാസം തൊണ്ടയ്‌ക്കു വഴങ്ങും. സിനിമയിലായിരിക്കുമ്പോള്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരായ ഫാസിലും സത്യന്‍ അന്തിക്കാടും ഈ ശബ്ദചാതുരികളെ നിസ്സീമം പ്രശംസിച്ചു പോന്നു.
അസാധാരണ കഴിവുകളുടെ കളരിയായിരുന്നു അത്തരം നിത്യ പ്രാക്ടീസ് സംഗമങ്ങള്‍. പളളിയങ്കണം കാഴ്ചക്കാരുളള കലാശാലയായി. കിളി ചിലയ്‌ക്കുന്നതും, പുഴ മന്ദംമന്ദം ഒഴുകുന്നതും, വെള്ളച്ചാട്ടവും പൂവ് വിരിയുന്നതും ചിത്രശലഭവും വണ്ടും തേന്‍ നുകരുന്നതും കര്‍ണ്ണപുടങ്ങളില്‍ മാസ്മര തൈലം പൂശും. കയ്യടി വിശപ്പടക്കുംപോലെ വാരിക്കൂട്ടുകയായിരുന്നു. കഴിവുകളുടെ കലവറയ്‌ക്കു പരിമിതികളില്ലെന്നു വെളിപ്പെടുത്തി. സംഗീതോത്സവ അക്ഷയഖനി! വായ പരീക്ഷിച്ച വാദ്യോപകരണങ്ങള്‍ അക്ഷരഗുരുക്കന്മാരായി സര്‍വ്വകലാവല്ലഭന്.
പഷ്ടു കണ്ണാ ബഷ്ട്
ആഗസ്റ്റ് പതിനഞ്ച്. തിരുസഭയുടെ അരുളപാടുപ്രകാരം പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണതിരുന്നാളാണ്. ഞായറാഴ്ച പോലെ കടമുള്ള ദിവസം. ആഘോഷമായ പാട്ടുകുര്‍ബ്ബാനയാണു പതിവ്. മുന്‍കൂട്ടി ക്വയര്‍മാസ്റ്ററെ വികാരിയച്ചന്‍ വിവരം ധരിപ്പിച്ചു. ബുക്കു ചെയ്തതുമാണ്.
തൃശൂര്‍ പൂരപ്പറമ്പില്‍ തോരാപ്പന്തലിട്ടു. യേശുദാസിന്റെ ഗാനമേള ചടുപിടുന്നനേ വിളംബരം ചെയ്തു. ജോണ്‍സേട്ടനും വണ്ടര്‍ഫുള്‍ തണ്ടറടിച്ചു!
ഗാനഗന്ധര്‍വന്റെ ഗാനമേള ജീവനുണ്ടേല്‍ വിടാന്‍പറ്റില്ല. ക്വയര്‍ മിസ്സാകുമെന്നു സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചതുമല്ല. പാതിരാത്രി ഗാനമേള തീരും. നേരം പുലരുംവരെ ഇഷ്ടംപോലെ ഉറങ്ങാന്‍ നേരം. കണക്കുകൂട്ടലുകള്‍ ഉടയതമ്പുരാന്‍ മനപൂര്‍വ്വം തെറ്റിച്ചു. ഭാവി കലോദയത്തിനു സുവര്‍ണ്ണ അവസരമൊരുക്കി. അന്തിക്ക് സ്ഥലത്തെത്തിയതും ഗ്യാലറി ഹൗസ്ഫുള്‍. മുന്തിയ ക്ലാസിനു പണം വകുപ്പുമില്ല. കാലാവസ്ഥയാണേല്‍ തുള്ളിക്കൊരുകടം തോരാമഴ. തിരിച്ചു പോരാന്‍ മനസ്സു വന്നില്ല. ആരാധകന്‍ മുഴുവന്‍ ഗാനമേളയും പേമാരിയില്‍ കുളിച്ചുനിന്നു തുടയ്‌ക്കു താളംപിടിച്ചു കേട്ടു. മനസിന്റെ ചാതുരി ഗ്രഹിക്കാഞ്ഞ ശരീരം ശരവേഗം ചടച്ചു, പനി. വീടെത്തി ബോധംപോയ പോലെ മൂടിപുതച്ചുറങ്ങി.
സംഭവം ദൂതു മുഖാന്തിരം വികാരിയച്ചന്‍ മണത്തറിഞ്ഞു. വളരെനാളു നീളാതെ ഇരുവരും വീണ്ടും കണ്ടുമുട്ടി. ചാലിശ്ശേരിയച്ചന്‍ കുപിതനായില്ല. ബാലലീലയാക്കി കാര്യം തള്ളി. ഭാവി ക്വയര്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഇടയ്‌ക്കു കേറിയൊരു നാരദന്‍ ബോംബിട്ടു. യേശുദാസന്റെ ഗാനമേള കസറിയച്ചാ. കേട്ടപാതി ആരാധകന്‍ സര്‍വ്വം മറന്നു. സര്‍വ്വോത്സുകനായി വീരസ്യമാരംഭിച്ചു. കാണികളിലെ മുന്‍നിരയിലുണ്ടായിരുന്ന എന്നെ ദാസേട്ടന്‍ സ്റ്റേജിലേക്കു കൈമാടി വിളിക്കുകയായിരുന്നു. ഞാനാണു പിന്നെ ഓര്‍ക്കസ്ട്ര നയിച്ച വിദ്വാന്‍. ബാഗ്രൗണ്ടിലായതിനാല്‍ പലരും വേണ്ടവിധം ഞങ്ങളുടെ അടുപ്പം ശ്രദ്ധിച്ചില്ലായിരിക്കാം. ദാസേട്ടന്‍ ഗാനമേള തീര്‍ന്നപാടെ അസ്സലായെന്നു അനുമോദിക്കാന്‍ വാരിയൊരു കെട്ടിപിടിത്തമാണ്. എനിക്കത്ര മതി സല്‍ക്കാരം.
ദൃക്‌സാക്ഷി അടങ്ങിയിരിക്കുമോ? കല്ലുവച്ച നുണയാണച്ചായ പറഞ്ഞത്. സത്യം ഞാന്‍ പറയാം. അച്ചന്‍ കയ്യുയര്‍ത്തി എതിരാളിയെ തടഞ്ഞു. കള്ളി പുറത്തായെന്നു പേടിച്ചു കണ്ണുതള്ളിയിരുന്നവനെ പുരോഹിതന്‍ മനസറിഞ്ഞനുഗ്രഹിച്ചു. പഷ്ടു കണ്ണാ ബഷ്ട്. നിന്റെ വിശ്വാസംപോലെ സംഭവിക്കട്ടെ. അധികനാള്‍ വേണ്ടിവരില്ല. ഈ യേശുദാസനെ ഇടവും വലവുമിരുത്തി പാട്ടുപഠിപ്പിക്കും. കണ്‍മുന്‍പില്‍ നിര്‍ത്തി പാടിച്ചു മതിമറക്കും. തീര്‍ച്ച. അക്ഷരംപ്രതി പ്രവചനം സംഭവിച്ചു. വോയ്‌സ് ഓഫ് ട്രിച്ചൂറും ഗായകന്‍ ജയചന്ദ്രനുമായുളള പരിചയവും നിമിത്തമായി. വളരെ ചുരുങ്ങിയ കാലം ദേവരാജന്‍മാഷുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ശേഷം മലയാളികളില്‍ എന്നെന്നും പ്രിയങ്കരങ്ങളായ ഈണങ്ങള്‍ കോര്‍ത്തിട്ടു. ആരാധകരെ ശരവേഗം വശത്താക്കി. അഞ്ഞൂറിലധികം സിനിമാപാട്ടുകള്‍ ചിട്ടപ്പെടുത്തി. ഏറെ ഭക്തിഗാനങ്ങളും. ജനസഹസ്രങ്ങളുടെ കണ്ണിലുണ്ണിയായി. ഇഹലോക ജീവിതത്തില്‍ ജോണ്‍സണ്‍ മാഷ് സൗഹൃദങ്ങളല്ലാതെ ഒന്നും സമ്പാദിച്ചില്ല. അകാലത്തില്‍ തിരിച്ചുപോയി.
സുവിശേഷവചനം വേണ്ടുംവിധം പൂര്‍ത്തീകരിക്കാന്‍. സന്മനസുളളവര്‍ സ്വര്‍ഗ്ഗത്തിലാണല്ലോ സമ്പാദ്യങ്ങള്‍ സ്വരൂപിക്കുന്നത്!
അനുഭവ സുകൃതം
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഓര്‍ക്കാപ്പുറത്തൊരു വിളി വന്നു. ജോണ്‍സണ്‍ മാഷിന് പത്മരാജന്റെ ഒരു പടം കിട്ടിയിട്ടുണ്ട്. ബോംബെയിലാണ് പാട്ടിന്റെ റെക്കോഡിങ് ഫിക്‌സ് ചെയ്തിരിക്കുന്നത്. കാറില്‍ ബാന്ദ്രാ ബാന്റ്സ്റ്റാന്‍ഡിലെ മെഹബൂബ് സ്റ്റുഡിയോ ലക്ഷ്യസ്ഥാനം. അവിടെ എത്തിയതും ലതാ മങ്കേഷ്‌കറെ കാണണമെന്നായി ആവശ്യം. സംസാരിച്ചു നില്‍ക്കുമ്പോള്‍ ലതാജി വന്നു. എല്ലാവര്‍ക്കും കൈക്കൂപ്പി നമസ്‌കാരം. ഇപ്പോഴാണ് ജോണ്‍സേട്ടനും പത്മരാജന്‍ സാറും കോറസ് പറയുന്നത്. ലതാജിയെകൊണ്ടൊരു പാട്ട് പാടിക്കണം. പാടേണ്ട കാര്യത്തിലോട്ട് വന്നതും ലതാജി നിബന്ധനയിട്ടു. പാട്ട് ഒരാവര്‍ത്തി പാടി കേള്‍ക്കാതെ പറ്റില്ല. മലയാളം മഹാ ടഫ്ഫാണ്. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ പാടിയത് വയലാര്‍ഭായിയെ ഉച്ചാരശീലത്തിനൊപ്പം പലവട്ടം മാറ്റി എഴുതിച്ചിട്ടാണേ. ആ സത്യം കേട്ടിട്ടും ജോണ്‍സേട്ടന്‍ ഹിന്ദിയിലെഴുതിയ പാട്ട് കൊടുത്തു. ലതാജി ട്യൂണ്‍ തുടതട്ടി കേട്ടു. ഗുഡെന്ന അഭിപ്രായമിട്ടു. മനസിരുത്തി പ്രാക്ടീസ്. ആദ്യ നാലുവരി മൂളി ബൈഹാര്‍ട്ടാക്കി. മൂവ്വരും അക്ഷമരായി.
ആടിവാ കാറ്റേ പാടി വാ കാറ്റേ.. ഉടനെ ജോണ്‍സേട്ടന്‍ തെറ്റു തിരുത്താനാഞ്ഞു. പത്മരാജന്‍ കണ്ണുരുട്ടി വിലക്കി. ഗാനരചയിതാവ് ആടിപാടി വാ കാറ്റേ എന്നാണ് കുറിച്ചിരുന്നത്. വിഷമിച്ച് കൈത്താളമൊപ്പം ലതാജി പാടി. കുറച്ച് സമയമെടുക്കും. അവരിലൊരു വിരസത. പറ്റാത്ത കാര്യം ഉപേക്ഷിക്കുന്നതാണ് പ്രകൃതം. ലതാജി കീഴെ പറഞ്ഞു. പാടാം. കുറച്ച് സമയം തരണം. എത്ര നാള്‍? കുറഞ്ഞത് ഒന്നുരണ്ടു മാസം. കര്‍ത്താവേ! ജോണ്‍സേട്ടന്‍ വിവശനായി.
ഓക്കെ. വിവരമറിയിക്കൂ. അവര്‍ സാവകാശമേകി. നിരാശയര്‍ മടക്കയാത്രയില്‍ കടിപിടിയായി. ചുമ്മാ സമയം പാഴായി. പത്മന്‍സാര്‍ ജോണ്‍സേട്ടനെ പഴിചാരി. ജോണ്‍സേട്ടന്‍ സമ്മതിച്ചില്ല. സമയവും പണവും പോയത് പോട്ടെ. ഒരു ചേതവുമില്ല. ആടി വാ കാറ്റേ പാടി വാ കാറ്റേ ലതാജി തെറ്റിച്ചു പാടിയപ്പോള്‍ ട്യൂണിനൊരു ഹൈ പഞ്ചു കിട്ടി. ജോണ്‍സേട്ടന്റെ മതിമറന്ന ഉല്‍സാഹത്തില്‍ പത്മരാജനും പങ്കുചേര്‍ന്നു. ഒഎന്‍വി കുറുപ്പിന്റെ രചനയില്‍ ജാനകി ആലപിച്ച ‘കൂടെവിടെ’ ചിത്രത്തിലെ ഈ പാട്ട് സൂപ്പര്‍ഹിറ്റായി.
സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സംഗീത സംവിധായകനായ ജോണ്‍സണ്‍ മാഷുടെ പേരില്‍ കേരളസര്‍ക്കാര്‍ ജോണ്‍സണ്‍ അക്കാദമി സ്ഥാപിക്കുന്നു എന്നത് സന്തോഷകരം.