മുംബായ്: നിയമനടപടികള്‍ ‘ഒരു നിഴല്‍ യുദ്ധമായി’ മാറരുതെന്ന് ബോംബെ ഹൈക്കോടതി. 2020ല്‍ മഹാരാഷ്‌ട്രയില്‍ അധികാരത്തിലിരുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മിലിന്ദ് ജാദവ് ഇക്കാര്യം പറഞ്ഞത്.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കിന്റെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പിന്നീട് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും 2020 ല്‍ അന്വേഷണം പുനരാരംഭിക്കുകയും അര്‍ണാബിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. രാഷ്‌ട്രീയ പകപോക്കലിന്റെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അന്വേഷണം പുനരാരംഭിച്ചതെന്ന് അര്‍ണാബിന്‌റെ അഭിഭാഷകന്‍ നിരഞ്ജന്‍ മുണ്ടര്‍ഗി പറഞ്ഞു.
‘സംസ്ഥാനത്തിന് കേസ് പുനരാരംഭിക്കാന്‍ അധികാരമുണ്ടോ, ഏതൊക്കെ സാഹചര്യങ്ങളിലാണ് എന്നതാണ് ചോദ്യം. ഇത് ഒരുതരം നിഴല്‍ യുദ്ധമായിരിക്കരുത് ‘ ജസ്റ്റിസ് ജാദവ് അഭിപ്രായപ്പെട്ടു.
‘2020 മുതല്‍ ധാരാളം വെള്ളം ഒഴുകിപ്പോയി’ എന്ന് നിരീക്ഷിച്ച കോടതി, ഇരു കക്ഷികളും കേസ് പുതിയ കാഴ്ചപ്പാടോടെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഹര്‍ജി ഇനി സെപ്റ്റംബര്‍ 4 ന് വീണ്ടും പരിഗണിക്കും.
.
















