രാഷ്‌ട്രങ്ങൾ കേവലം ഭൂമിശാസ്ത്രപരമായ അതിരുകളോ ഭൗതിക സാമഗ്രികളുടെ സമാഹാരമോ അല്ല, അവ ജീവസ്സുറ്റ ആത്മീയ യാഥാർത്ഥ്യങ്ങളാണ്. ഒരു ജനത അതിന്റെ ആത്മബോധത്തെ മറന്ന് അജ്ഞതയുടെയും അടിമത്തത്തിന്റെയും നീരന്ധ്രമായ അന്ധകാരത്തിൽ ഉഴലുമ്പോൾ, ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാൻ കാലം ചില നിർണ്ണായക പ്രജ്ഞകളെ നിയോഗിക്കാറുണ്ട്. അത്തരത്തിൽ ഭാരതത്തിന്റെ സുദീർഘമായ ആത്മീയ-രാഷ്‌ട്രീയ ധാരയിൽ അവതരിച്ച യുഗപുരുഷനായിരുന്നു മഹർഷി അരവിന്ദൻ. ഭാരതമെന്ന സനാതന സത്യത്തെയും അതിന്റെ ചരിത്രപരമായ നിയോഗത്തെയും കേവലം ഒരു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനപ്പുറത്തേക്ക് ഉയർത്തി, പ്രപഞ്ച പരിണാമത്തിന്റെ തലത്തിലേക്ക് പ്രതിഷ്ഠിച്ച ദാർശനികനാണ് അദ്ദേഹം. വെറും യാചനകളിലൂടെയോ നിവേദനങ്ങൾ കൊണ്ടോ അധിനിവേശ ശക്തികളെ ചെറുത്തുതോൽപ്പിക്കാനാവില്ലെന്ന് അരവിന്ദൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. പാശ്ചാത്യ ചിന്തകളുടെയും ഗ്രീക്ക്-ലാറ്റിൻ സാഹിത്യങ്ങളുടെയും അത്യുന്നതങ്ങളിൽ വിഹരിച്ച ശേഷവും, മാതൃഭൂമിയുടെ ദീനത അദ്ദേഹത്തിന്റെ അന്തരംഗത്തെ പിടിച്ചുലച്ചു.
മധ്യവർഗ്ഗത്തിന്റെ മിതവാദ രാഷ്‌ട്രീയത്തെ നിശിതമായി വിമർശിച്ചുകൊണ്ട് ‘ഇന്ദുപ്രകാശ്’ (Indu Prakash) എന്ന പത്രത്തിൽ എഴുതിയ ‘New Lamps for Old’ എന്ന ലേഖനപരമ്പരയിലൂടെയാണ് അരവിന്ദൻ തന്റെ ആശയപരമായ കടന്നാക്രമണം ആരംഭിച്ചത്. തുടർന്ന്, ബംഗാളിലെ ‘അനുശീലൻ സമിതി’, ‘യുഗാന്തർ’ തുടങ്ങിയ രഹസ്യ വിപ്ലവ സംഘടനകൾക്ക് പ്രത്യയശാസ്ത്രപരമായ ദിശാബോധവും പ്രവർത്തനപരമായ കരുത്തും പകർന്നു. വിപ്ലവം എന്നത് കേവലം രാഷ്‌ട്രീയമായ ഒരു പ്രതികാര നടപടിയല്ല, മറിച്ച് അധർമ്മത്തിനെതിരെയുള്ള ധാർമ്മികവും ആത്മീയവുമായ പ്രതിരോധമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ‘വന്ദേമാതരം’ എന്ന പത്രത്തിലൂടെ അരവിന്ദൻ തൊടുത്തുവിട്ട വാക്കുകൾ ഓരോ ഭാരതീയന്റെയും ചേതനയിൽ മാതൃഭൂമിയുടെ മോചനത്തിനായുള്ള അഗ്നി ജ്വലിപ്പിച്ചു.
ഭാരതമാതാവ്: ആത്മീയ ദേശീയതയുടെ ദർശനം
അരവിന്ദൻ മുന്നോട്ടുവെച്ച ദേശീയത പാശ്ചാത്യരുടെ ഭൗതിക-രാഷ്‌ട്രീയ സങ്കൽപ്പങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അത് ‘രാഷ്‌ട്രീയ സ്വയംഭരണം’ എന്നതിലുപരി ഒരു ആത്മീയ സാക്ഷാത്കാരമായിരുന്നു. “ഭാരതം എന്നാൽ ഒരു ഭൂപടമല്ല, അത് മൃണ്മയമായ ഒരു മണ്ണുമല്ല; മറിച്ച് അത് ചിന്മയമായ ഒരു പരാശക്തിയാണ്. കോടിക്കണക്കിന് മനുഷ്യരുടെ ജീവന്റെയും ആത്മാവിന്റെയും സമാഹാരമായ ജീവസ്സുറ്റ ഭാരതമാതാവാണത്.” ‘ഭവാനി മന്ദിർ’ എന്ന കൃതിയിലൂടെ അദ്ദേഹം ഈ സങ്കൽപ്പത്തെ വിപ്ലവകാരികൾക്ക് മുന്നിൽ അവതരിപ്പിച്ചു. മാതൃഭൂമിയെ ജഗദംബയായി കണ്ട്, ആ പരാശക്തിയുടെ ഉപാസനയായി സ്വാതന്ത്ര്യസമരത്തെ മാറ്റിയെടുക്കുക എന്നതായിരുന്നു അരവിന്ദന്റെ ‘ആത്മീയ ദേശീയത’. ശക്തിയില്ലാതെ ഒന്നും സാധ്യമല്ലെന്നും, ആ ശക്തി പ്രാപിക്കേണ്ടത് ഭാരതത്തിന്റെ ആത്മീയതയിൽ നിന്നാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ‘പൂർണ്ണ സ്വരാജ്’ എന്ന ലക്ഷ്യം ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്നതിനും ദശാബ്ദങ്ങൾക്ക് മുൻപ്, 1907-ൽ തന്നെ ‘വന്ദേമാതരം’ പത്രത്തിലൂടെ അരവിന്ദൻ സമ്പൂർണ്ണ സ്വാതന്ത്ര്യമെന്ന ആഹ്വാനം മുഴക്കിയിരുന്നു.
പിന്നീട് ഗാന്ധിയൻ യുഗത്തിൽ പ്രയോഗവൽക്കരിക്കപ്പെട്ട നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും നിഷ്ക്രിയ പ്രതിരോധത്തിന്റെയും കൃത്യമായ സൈദ്ധാന്തിക ചട്ടക്കൂട് ആദ്യം നിർമ്മിച്ചത് അരവിന്ദനാണ്. വിദേശ വസ്തുക്കളുടെ ബഹിഷ്കരണം (Boycott), തദ്ദേശീയ വ്യവസായങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വികസനം അധിനിവേശ കോടതികളെയും ഭരണസംവിധാനങ്ങളെയും നിരസിക്കൽ തുടങ്ങിയ തന്ത്രങ്ങൾ അരവിന്ദൻ തന്റെ ലേഖനങ്ങളിലൂടെ കൃത്യമായി നിർവ്വചിച്ചു നൽകി. എന്നാൽ അരവിന്ദന്റെ നിഷ്ക്രിയ പ്രതിരോധം കേവലം ഒരു തത്ത്വമായിരുന്നില്ല; ആവശ്യമെങ്കിൽ അക്രമത്തിനെതിരെ സായുധ പ്രതിരോധം ഉയർത്താനുള്ള ധാർമ്മിക അവകാശത്തെയും അദ്ദേഹം പിന്തുണച്ചു.
അലിപ്പൂർ ജയിൽവാസം: രാഷ്‌ട്രീയ ബോധത്തിൽ നിന്ന് സാധനയുടെ തലത്തിലേക്ക്
1908-ലെ അലിപ്പൂർ ബോംബ് കേസും തുടർന്നുള്ള ഒരു വർഷത്തെ ഏകാന്ത ജയിൽവാസവുമാണ് അരവിന്ദന്റെ ജീവിതത്തിലെയും ഭാരതത്തിന്റെ ദാർശനിക ചരിത്രത്തിലെയും ഏറ്റവും വലിയ തിരിവായി മാറിയത്. ആ നാലു ചുവരുകൾക്കുള്ളിൽ അരവിന്ദൻ രാഷ്‌ട്രീയ തടവുകാരനല്ലായിരുന്നു, മറിച്ച് ഒരതീത സാധകനായിരുന്നു.
അവിടെവെച്ച് അദ്ദേഹത്തിന് ‘വാസുദേവ ദർശനം’ ഉണ്ടായി. ജയിലിന്റെ കമ്പികളും, ആ വൃക്ഷങ്ങളും, കാവൽക്കാരും, തന്നെ വിചാരണ ചെയ്യുന്ന ന്യായാധിപൻ പോലും സനാതന സത്തയായ വാസുദേവന്റെ സാന്നിധ്യമാണെന്ന് അദ്ദേഹം അനുഭവച്ചറിഞ്ഞു. തന്റെ പ്രശസ്തമായ ‘ഉത്തർപാറ പ്രസംഗത്തിൽ’ (Uttarpara Speech) അദ്ദേഹം ഇത് വെളിപ്പെടുത്തി:
“ഭാരതത്തിന്റെ നിലനിൽപ്പ് സനാതന ധർമ്മത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. സനാതന ധർമ്മം വളരുമ്പോൾ ഭാരതം വളരുന്നു; സനാതന ധർമ്മം ക്ഷയിക്കുമ്പോൾ ഭാരതം ക്ഷയിക്കുന്നു.”
. 1910-ൽ അരവിന്ദൻ പോണ്ടിച്ചേരിയിലേക്ക് പോയത് രാഷ്‌ട്രീയത്തിൽ നിന്നുള്ള ഉൾവലിയലായിരുന്നില്ല; മറിച്ച്, കൂടുതൽ ബൃഹത്തായ ഒരു പ്രപഞ്ച വിപ്ലവത്തിന്റെ ആരംഭമായിരുന്നു. ഭൗതികമായ സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം മനുഷ്യചേതനയുടെ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പോണ്ടിച്ചേരിയിൽ വെച്ച് അദ്ദേഹം വികസിപ്പിച്ചെടുത്ത ‘പൂർണ്ണയോഗം’ (Integral Yoga) കേവലം വ്യക്തിഗത മോക്ഷത്തിനായുള്ള തപസ്യയായിരുന്നില്ല. ഭൗതിക ലോകത്തെ മിഥ്യയായി കാണാതെ, അതിനെ ദിവ്യമയമാക്കുക എന്നതായിരുന്നു അരവിന്ദന്റെ ദർശനം. ഡാർവിന്റെ ഭൗതിക പരിണാമ തത്ത്വത്തിനപ്പുറം ആത്മീയ പരിണാമത്തെ അദ്ദേഹം അവതരിപ്പിച്ചു.
മനുഷ്യൻ പരിണാമത്തിന്റെ അവസാന ഘട്ടമല്ലെന്നും, തമസ്സിൽ നിന്നും അജ്ഞതയിൽ നിന്നും ഉയർന്നുകൊണ്ട് ‘അതിമാനസം’ എന്ന ദിവ്യബോധം ഭൂമിയിലേക്ക് അവരോഹണം ചെയ്യുമെന്നും അദ്ദേഹം തന്റെ കാവ്യശ്രേഷ്ഠമായ ‘സാവിത്രി’ എന്ന ഗ്രന്ഥത്തിലൂടെയും ‘The Life Divine’ എന്ന മാസ്റ്റർപീസിലൂടെയും പ്രഖ്യാപിച്ചു.
മഹർഷി അരവിന്ദൻ ഒരു വ്യക്തിയല്ല, അതൊരു വിപ്ലവകരമായ ബോധമാണ്. അമൃത മഹോത്സവങ്ങളുടെ ഈ കാലഘട്ടത്തിൽ, ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആ മഹാഋഷിയുടെ ജയന്തിദിനത്തിൽ നമുക്ക് പ്രജ്ഞയുടെ പുതിയ പ്രകാശത്തിലേക്ക് ചുവടുവെക്കാം. ഭാരതത്തിന്റെ മോചനം ലോകത്തിന്റെ തന്നെ ആത്മീയ മോചനത്തിന്റെ തുടക്കമാണെന്ന അരവിന്ദന്റെ വാക്കുകൾ നമ്മുടെ നെഞ്ചിൽ ഏറ്റുവാങ്ങാം. ഇന്ന് സാങ്കേതിക മുന്നേറ്റങ്ങളുടെയും ഭൗതിക വളർച്ചയുടെയും നടുവിലും ആഗോളതലത്തിൽ മൂല്യച്യുതിയും അശാന്തിയും വർദ്ധിച്ചുവരുമ്പോൾ, മഹർഷി അരവിന്ദന്റെ ദർശനങ്ങൾ കൂടുതൽ പ്രസക്തമാകുന്നു. കേവലം ഒരു സാമ്പത്തിക അല്ലെങ്കിൽ സൈനിക ശക്തിയായി മാറുക എന്നതല്ല ഭാരതത്തിന്റെ അന്തിമ ലക്ഷ്യം. ലോകത്തിന് ആത്മീയവും വൈചാരികവുമായ ദിശാബോധം നൽകുന്ന ‘വിശ്വഗുരു’ ആകുക എന്നതാണ്.
ആ മഹാഋഷിയുടെ ജയന്തിദിനത്തിൽ, അജ്ഞതയുടെയും സ്വാർത്ഥതയുടെയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, മാതൃഭൂമിയുടെ ആത്മീയ നിയോഗത്തെ സാക്ഷാത്കരിക്കാൻ നമുക്ക് മുന്നേറാം.
“ഭാരതമേ, ഉണരുക! നിന്റെ പ്രകാശം ലോകത്തിന്റെ അന്ധകാരത്തെ അകറ്റാനുള്ളതാണ്. അതിനായി നിന്റെ ആത്മാവിനെ തിരിച്ചറിയുക!”












