ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള കെഎസ്ഡആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിക്കാന്‍ അക്രമിസംഘം ചില്ലിന് നേരെ മുട്ടകള്‍ എറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ബെംഗളൂരു നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയില്‍ എത്തിയപ്പോഴായിരുന്നു അക്രമികള്‍ ബസിന്റെ ചില്ലുകള്‍ക്ക് നേരെ മുട്ടകള്‍ എറിഞ്ഞുകൊണ്ട് ആക്രമിച്ചത്. സംഭവത്തില്‍ ബെംഗളൂരുവിലെ മലയാളി സംഘടനകളാണ് പോലീസില്‍ പരാതി നല്‍കി.
ബെംഗളൂരുവില്‍ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേരെയാണ് രാത്രിയുടെ മറവില്‍ ആക്രമണമുണ്ടായത്. എന്നാല്‍ ഇത് കൊള്ളയടിക്കാന്‍ അജ്ഞാത അക്രമിസംഘത്തിന്റെ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ വണ്ടി നിർത്താതെ ഓടിച്ച് അക്രമിസംഘത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഏറെ ദൂരം ഓടിച്ച ശേഷം സുരക്ഷിത സ്ഥാനത്ത് വണ്ടി നിര്‍ത്തി.
ബസില്‍ അപ്പോള്‍ 12 യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. നിര്‍ത്തിയിരുന്നെങ്കില്‍ അക്രമിസംഘം ഇവരെ കൊള്ളയടിക്കുമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ബെംഗളൂരു നഗരം പിന്നിട്ട് ഏകദേശം 30 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് തെരുവുവിളക്കുകള്‍ ഇല്ലാത്ത വിജനമായ പ്രദേശമായ ബിദാനിയില്‍വെച്ച് ബസിന് നേരെ മൂന്ന് തവണ മുട്ടയേറുണ്ടായത്.
ഗ്ലാസിലെ മുട്ട മായ്‌ക്കാൻ വൈപ്പർ പ്രവർത്തിപ്പിക്കാതെ തന്നെ ഡ്രൈവർ സുരേഷ് വണ്ടി സുരക്ഷിതമായി ഓടിച്ചു പോവുകയായിരുന്നു. ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തുകയും തടഞ്ഞുനിർത്തി കവർച്ച നടത്തുകയും ചെയ്യുന്നത് പതിവാണെന്ന് വാര്‍ത്തകളുണ്ട്. ഇതാണ് ഡ്രൈവറെ വണ്ടി നിര്‍ത്താതെ ഓടിച്ചുപോകാന്‍ പ്രേരിപ്പിച്ചത്. വിഷയത്തില്‍ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















