
യുദ്ധഭൂമിയില്‍ എതിരാളികള്‍ക്ക് വലിയ ആഘാതമേല്‍പിച്ചാണ് ഇന്ദ്രജിത്ത് എന്ന മേഘനാദന്‍ യാത്രയായത്.
മോഹാലസ്യപ്പെട്ടുപോയ വാനരപ്പടയ്‌ക്കു നടുവില്‍ ചോരയൊലിച്ച് കണ്ണുതുറക്കാനാകാതെ കിടന്ന ജാംബവാന്‍ , ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ വിഭീഷണനോടാരായുന്നത് ഹനുമാന്‍ ജീവനോടെയുണ്ടോ എന്നാണ്.
ഔഷധമേതെന്നു തിരിച്ചറിയാത്തതിനാല്‍ ഔഷധമുള്ള മലതന്നെ എത്തിച്ച് ഹനുമാന്‍ ആ വിശ്വാസത്തെ കാക്കുന്നു. പുതുജീവന്‍ ലഭിച്ച ലക്ഷ്മണനും വാനരപ്പടയ്‌ക്കും ഇനി തിരിഞ്ഞുനോക്കാനില്ല.
ഇഷ്ടജനങ്ങളുടെ വീഴ്ചയില്‍ തകര്‍ന്നുപോകുന്ന രാവണന്റെ പുറപ്പാട് എല്ലാറ്റിനും കാരണമായ സീതയുടെ രക്തം കുടിക്കാനാണ്. സുപാര്‍ശ്വന്‍ യഥാസമയം അയാളെ ആ ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കുന്നു.
ഏതായാലും ഇനി രാമനും രാവണനും ഒരുമിച്ചു ഭൂമിയിലുണ്ടാകില്ലെന്നു നിര്‍ണയം.
അന്യോന്യമുള്ള അസ്ത്രങ്ങളുടെ പേമാരിയ്‌ക്കൊടുവില്‍ രാവണഹൃദയം ഭേദിച്ച ബ്രഹ്‌മാസ്ത്രം സമുദ്രത്തില്‍ ചോരകഴുകി രാമന്റെ തൂണീരത്തില്‍ മടങ്ങിയെത്തുവോളം ലോകം ശ്വാസമടക്കി നിന്ന അതിഘോര യുദ്ധം.