മുംബൈ: തുടര്‍ച്ചയായി പരാജയത്തിന്റെ കയ്‌പ്നീര്‍ കുടിച്ച അക്ഷയ് കുമാറിന് ബ്രേക്ക് സമ്മാനിച്ച ശേഷം വീണ്ടും മലയാളത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇറങ്ങുന്നു. അക്ഷയ് കുമാറിന് അടുത്ത ഹിറ്റ് സമ്മാനിക്കാന്‍. ഭൂത് ബംഗ്ല എന്ന പ്രേതസിനിമയിലൂടെയാണ് പ്രിയദര്‍ശന്‍ അക്ഷയ്‌കുമാറിന്റെ പരാജയപരമ്പരയ്‌ക്ക് തടയിട്ടത്. അന്ന് 120 കോടി രൂപയാണ് ഈ ചിത്രം നേടിയത്.
ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് വൻ വിജയമായ ‘ഒപ്പം’ എന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഒപ്പം പോലെ തന്നെ ‘ഹയ്‌വാൻ’. എന്ന സിനിമയും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തുമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തതില്‍ പ്രിയദര്‍ശന്‍ വലിയൊരു അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. ഇതില്‍ നായകന്‍ സെയ്ഫ് അലിഖാനാണ്. ഒപ്പത്തില്‍ മോഹന്‍ലാല്‍ ചെയ്ത അന്ധന്റെ റോളില്‍ ആണ് സെയ്ഫ് അലിഖാന്‍ എത്തുന്നത്. ഒപ്പത്തില്‍ വില്ലനായി മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ തമിഴ്നടന്‍ സാമുദ്രക്കനിക്ക് പകരം ക്രൂരനായ കൊലപാതകിയായി എത്തുന്നത് അക്ഷയ് കുമാറാണ്.
ഈ ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഹയ് വാന്‍ എന്ന പേരിട്ട ഈ സിനിമയുടെ ടീസറിന് ലഭിക്കുന്നത് അസാധാരണ പിന്തുണയാണ്.
അക്ഷയ് കുമാറിന് പുറമെ സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രിയദർശൻ സിനിമയ്‌ക്കുണ്ട്. നീണ്ട പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു സിനിമയ്‌ക്കായി വീണ്ടും ഒന്നിക്കുന്നത്.
ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പില്‍ഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 11-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
















