Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വര്‍ക്കറോട് വിയോജിപ്പും എതിര്‍പ്പും ഒക്കെക്കാണും. പക്ഷേ സത്യം സത്യമല്ലാതാവില്ലല്ലോ. ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ ലഭിച്ച ഇന്ത്യാക്കാരന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം വി.ഡി. സവര്‍ക്കര്‍ എന്നുതന്നെയാണ്. ആ ചോദ്യം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് ചരിത്രം മാറുമോ?

ബ്രിട്ടനെതിരെ യുദ്ധം ചെയ്തു, ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, നാഷിക് കളക്ടര്‍ ആയിരുന്ന ആര്‍തര്‍ ജാക്സനെ വധിക്കാന്‍ പ്രേരണ നല്‍കി എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇരട്ട ജീവപര്യന്തമാണ് ബ്രിട്ടീഷ് കോടതി സവര്‍ക്കര്‍ക്ക് വിധിച്ചത്. 25 വര്‍ഷം വീതം ആകെ 50 കൊല്ലം. 10 കൊല്ലം ആന്‍ഡമാനിലെ കാലാപാനി സെല്ലുലാര്‍ ജയിലില്‍. നാല് കൊല്ലം വിവിധ ജയിലുകളില്‍. ലണ്ടനിലെ ബ്രിക്സ്റ്റന്‍ ജയില്‍, ബോംബെയിലെ ഡിംഗ്രി ജയില്‍, കല്‍ക്കട്ടയിലെ ആലിപൂര്‍ ജയില്‍, രത്നഗിരി ജയില്‍, പൂനെയിലെ യെര്‍വാഡ ജയില്‍. അടുത്ത 13 കൊല്ലം രത്നഗിരിയിലെ വീട്ടില്‍ കര്‍ശന ഉപാധികളോടെ വീട്ടുതടങ്കലില്‍. ആകെ 27 വര്‍ഷം.

കാലാപാനിയില്‍, dangerous prisoner എന്ന വിഭാഗത്തിലായിരുന്നു സവര്‍ക്കര്‍. കടുത്ത ശിക്ഷാമുറകള്‍ പതിവായിരുന്നു. വെറും കൈ ഉപയോഗിച്ച് തൊണ്ടില്‍ നിന്നു ചകിരി വേര്‍പെടുത്തി കയര്‍ ഉണ്ടാക്കുക എന്നതായിരുന്നു അതിലൊന്ന്. കയ്യില്‍ നിന്നു രക്തമൊലിച്ചിട്ടും അത് നിര്‍ത്താന്‍ അധികൃതര്‍ സമ്മതിച്ചില്ല. പിന്നെ ജയിലിലെ മില്ലില്‍ മണിക്കൂറുകള്‍ ചക്രം തിരിച്ച് കൊപ്ര ആട്ടി എണ്ണയെടുക്കാന്‍ നിയോഗിച്ചു.

ആദ്യ രണ്ടു വര്‍ഷം മാത്രം ഏകാന്ത തടവ് 15 മാസം. ഉയര്‍ന്ന ഒരു പൊസിഷനില്‍ കൈവിലങ്ങ് ലോക്ക് ചെയ്ത് ഇരിക്കാന്‍ സൗകര്യമില്ലാതെ ഒരിടത്തു നിര്‍ത്തിയത് 63 ദിവസം. നില്‍ക്കുന്നിടത്തു നിന്ന് കാലനക്കാന്‍ അനുവദിക്കാതെ കാല്‍ക്കുഴകളില്‍ ഇരുമ്പുകട്ടകള്‍ പിടിപ്പിച്ചു നിര്‍ത്തിയത് 5 മാസം. നടക്കാനോ ഇരിക്കാനോ കിടക്കാനോ സാധ്യമല്ലാത്ത നിലയില്‍ കാലുകള്‍ക്ക് കുറുകെ ഇരുമ്പുകട്ടകള്‍ ഉപയോഗിച്ച് നിര്‍ത്തിയത് 10 ദിവസം. ശാരീരിക ക്ഷമത ആവശ്യമായ ജോലികള്‍ ചെയ്യിക്കുമ്പോഴും ഒരു കുഞ്ഞിന് ആവശ്യമുള്ളത്രയും ഭക്ഷണം പോലും കൊടുക്കാതിരുന്നത് 24 ദിവസം.

തന്റെയൊപ്പം വന്നവര്‍ക്കൊന്നും ഇല്ലാത്ത ശിക്ഷയാണ് തനിക്കെന്നും ഇത് അനീതിയാണെന്നും തന്നെ രാഷ്‌ട്രീയ തടവുകാരനായി കാണണമെന്നും സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കത്തയച്ചു. പലരുടെയും ശിക്ഷാകാലാവധി കുറച്ച് മോചിപ്പിക്കുമ്പോഴും സവര്‍ക്കര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയില്ല. ഇതിനിടെ സവര്‍ക്കര്‍ മാപ്പപേക്ഷകള്‍ കൊടുത്തു തുടങ്ങി. എന്നാല്‍ ഒരെണ്ണം പോലും ബ്രിട്ടന്‍ പരിഗണിച്ചില്ല. നിയമങ്ങള്‍ അനുസരിക്കാമെന്നും, വിപ്ലവപ്രവര്‍ത്തനം നടത്തില്ലെന്നും, ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ സമാധാനത്തിന്റെ വഴിയില്‍ കൊണ്ടുവരാമെന്നും, ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാമെന്നുമൊക്കെ എഴുതി. അതിലൊന്നു പോലും ബ്രിട്ടന്‍ വിശ്വസിച്ചില്ല. സവര്‍ക്കറുടെ മാപ്പപേക്ഷ പരിഗണിച്ച ബ്രിട്ടീഷ് ഹോം മെംബര്‍ ആയിരുന്ന സര്‍ റെജിനാള്‍ഡ് ക്രാഡോക്ക് രേഖപ്പെടുത്തിയത് സവര്‍ക്കറില്‍ കുറ്റബോധത്തിന്റെ കണിക പോലുമില്ലെന്നും ശിക്ഷയിളവ് അസാധ്യമാണെന്നുമാണ്. മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കത്തിടപാടുകളില്‍ ബ്രിട്ടീഷ് അധികൃതര്‍ എഴുതിയത് ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും അപകടകാരികളില്‍ ഒരാളെന്നാണ്.
ക്രാഡോക്ക് എഴുതിയത് ഇങ്ങനെയാണ്:

”So important a leader is he that the European section of the Indian anarchists would plot for his escape which would before long be organised. If he were allowed outside the Cellular Jail in the Andamans, his escape would be certain. His friends could easily charter a steamer to lie off one of the islands and a little money distributed locally would do the rest… It is absolutely impossible to grant him any form of liberty.’

മാപ്പപേക്ഷ ജയിലിനു പുറത്തുവരാനുള്ള തന്ത്രം മാത്രമാണെന്നും പുറത്തുവിട്ടാല്‍ സവര്‍ക്കര്‍ വീണ്ടും വിപ്ലവകാരികള്‍ക്ക് പ്രചോദനമായി സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും എന്നുമായിരുന്നു ബ്രിട്ടന്റെ കണക്കുകൂട്ടല്‍. ക്രാഡോക്കിനെ കൂടാതെ സവര്‍ക്കറുടെ മറ്റ് മാപ്പപേക്ഷകള്‍ പരിശോധിച്ചവരില്‍ ഹോം മെംബര്‍ സര്‍ വില്യം വിന്‍സന്റ്, എച്ച് മക്ഫേഴ്സന്‍ എന്നിവരും എഴുതിയത് സവര്‍ക്കര്‍ അപകടകാരിയാണെന്നാണ്. 1918 ല്‍ കുറെ തടവുകാരെ ആന്‍ഡമാനില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ ജയില്‍ സൂപ്രണ്ട് സവര്‍ക്കറുടെ പേര് വെട്ടി. അതെക്കുറിച്ച് ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ഹിഗ്നല്‍ എഴുതിയത് ഇങ്ങനെ: ‘സവര്‍ക്കര്‍ അപകടകാരിയും ഒത്തുതീര്‍പ്പിന് വഴങ്ങാത്തവനുമാണ്.’

സവര്‍ക്കര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു എന്നതിനാല്‍ മാപ്പപേക്ഷ പരിഗണിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് 1920 ലെ ഇന്റലിജന്‍സ് ബ്യൂറോ റെക്കോഡുകള്‍. മറ്റൊരു മാപ്പപേക്ഷയില്‍, തന്നെ മോചിപ്പിച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാമെന്ന് സവര്‍ക്കര്‍ എഴുതിയതിനാല്‍ അദ്ദേഹത്തിന്റെ ജയിലിലെ പെരുമാറ്റം എങ്ങനെയുണ്ടെന്ന് അധികൃതര്‍ അന്വേഷിച്ചു. ജയില്‍ അധികൃതര്‍ അറിയിച്ചത് കക്ഷി മാന്യനും വിനയമുള്ളവനുമൊക്കെയാണ്. പക്ഷെ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനുള്ള എന്തെങ്കിലും ഉദ്ദേശം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല എന്നാണ്.

പിന്നീടൊരിക്കല്‍ നല്‍കപ്പെട്ട മാപ്പപേക്ഷ പരിശോധിച്ച ശേഷം ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാര്‍ ആന്‍ഡമാന്‍ ചീഫ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘I am directed to say that His Excellency the Viceroy is not prepared at present to extend to them the benefit of the amnesty, and to request that the petitioner may be informed accordingly.’

അതായത് സവര്‍ക്കറെ പുറത്തുവിടരുതെന്ന തീരുമാനമെടുത്തത് വൈസ്രോയി നേരിട്ട്. അതിനാല്‍ മറ്റു പലരുടെയും മാപ്പപേക്ഷകള്‍ സ്വീകരിച്ചപ്പോഴും സവര്‍ക്കറുടേത് സ്വീകരിച്ചില്ല. ഒന്നാം ലോകമഹായുദ്ധ കാലത്ത് രാഷ്‌ട്രീയ തടവുകാരെ ജയിലുകളില്‍ നിന്നു മോചിപ്പിച്ചപ്പോഴും സവര്‍ക്കറെ വിട്ടില്ല. 1923 ല്‍ മൗലാന മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കാക്കിനഡ വാര്‍ഷിക സമ്മേളനത്തില്‍ സവര്‍ക്കറുടെ തടവിനെ അപലപിച്ചുകൊണ്ട് ഐകകണ്ഠേന പ്രമേയം പാസാക്കി. പക്ഷെ ഒന്നും നടന്നില്ല.

1935ല്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പാസാക്കുകയും പ്രൊവിന്‍ഷ്യല്‍ മന്ത്രിസഭകള്‍ നിലവില്‍ വരുകയും ചെയ്തു. അതോടെ സര്‍ ധന്‍ജിഷാ കൂപ്പര്‍ പ്രധാനമന്ത്രിയായി ബോംബെ സര്‍ക്കാര്‍ നിലവില്‍ വരുന്ന സാഹചര്യമായി. സര്‍ക്കാരില്‍ ചേരണമെങ്കില്‍ സവര്‍ക്കറെ മോചിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് സ്വരാജ്യ പാര്‍ട്ടി നേതാവ് ജംനാദാസ് മെഹ്ത ആവശ്യപ്പെടുകയും, പ്രവിശ്യകളുടെ സ്വയംഭരണാവകാശം പരിഗണിച്ച് ആ ആവശ്യം ഗവര്‍ണര്‍ ബ്രാബോണ്‍ പ്രഭു അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 27 വര്‍ഷത്തെ ശിക്ഷയ്‌ക്കു ശേഷം സവര്‍ക്കര്‍ മോചിതനായത്.

സവര്‍ക്കറുടെ സംഭാവനകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവുമായി ഒരു പ്രമേയം 1957ല്‍ പാര്‍ലമെന്റില്‍ എത്തി. എന്നാല്‍ അതിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. അവസാനം ആ പ്രശ്നം വോട്ടിനിട്ടു. 48നെതിരെ 75 വോട്ടുകള്‍ക്ക് അവതരണാനുമതി നിഷേധിക്കപ്പെട്ടു. അനുമതിക്ക് അനുകൂലമായി വോട്ട് ചെയ്തവരില്‍ ഒരാളെ നമ്മളൊക്കെ അറിയും. കമ്യൂണിസ്റ്റ് ആചാര്യന്‍ സാക്ഷാല്‍ എകെജി!

ചുമ്മാതാണോ, ഭാരതത്തിന്റെ ഏറ്റവും ശ്രദ്ധേയനായ പുത്രന്‍ ആയിരുന്നു സവര്‍ക്കര്‍ എന്ന്, ഇന്നത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാ ഗാന്ധി എഴുതിയത്?! ബ്രിട്ടീഷുകാര്‍ക്കെതിരായ സവര്‍ക്കറുടെ പോരാട്ടത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്നും അവര്‍ എഴുതി. വിനായക് സവര്‍ക്കര്‍ എന്നല്ല, വീര്‍ സവര്‍ക്കര്‍ എന്നുതന്നെയാണ് ഇന്ദിരാ ഗാന്ധി എഴുതിയത്. സവര്‍ക്കറുടെ ചികിത്സയ്‌ക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ചത് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി. മരണാനന്തരം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കിയത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി!

എന്തായാലും സ്‌കൂള്‍ ചോദ്യക്കടലാസിലെ ചോദ്യത്തിലും ഉത്തരത്തിലും തെറ്റൊന്നുമില്ല. അതുകൊണ്ട് സസ്പെന്‍ഷന്‍ കിട്ടിയ അദ്ധ്യാപകന്‍ ധൈര്യമായി കോടതിയെ സമീപി
ക്കണം. ഭരിക്കുന്ന സര്‍ക്കാരിന് ഇഷ്ടമല്ലെന്ന് കരുതി ചരിത്ര വസ്തുതകള്‍ മാറില്ലല്ലോ.

Recent Posts