മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലും ഇമാഅത്തെ ഇസ്ലാമി സ്വാധീനം ഉറപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ളയാളെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്റെ സ്റ്റാഫിലും യൂത്ത് ലീഗിന്റെ എതിര്‍പ്പ് മറികടന്ന് ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള കായംകുളം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ യു. ഷൈജുവിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും തണലില്‍ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റായ കെ.കെ. അഷ്റഫിനെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. നിര്‍ണായക പദവിയായ ഓഫീസ് അറ്റന്‍ഡന്റായാണ് അഷ്റഫിന് നിയമനം നല്‍കിയിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഷ്റഫ് നിലവില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. അതേസമയം അഷ്റഫിന്റെ പശ്ചാത്തലം നോക്കിയല്ല യോഗ്യത പരിശോധിച്ചാണ് നിയമിച്ചതെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ വിശദീകരിച്ചിട്ടുണ്ട്.
ലീഗ് മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം. ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും പോഷക സംഘടനകളെ കൂടി പരിഗണിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി പിഎംഎ സലാം, റഷീദ് അലി തങ്ങള്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ച് മന്ത്രിമാരുടെ സ്റ്റാഫിലെ നിയമനത്തിനായുള്ള പട്ടിക സമിതി തയ്യാറാക്കി നല്‍കി. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന യൂത്ത് ലീഗിന്റെ ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
















