തിരുവനന്തപുരം: ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. മോഹന്‍ദാസിന് ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മിഥുന്‍ ഗോപിയുടെ ഉത്തരവിലാണ് വിമര്‍ശനം. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് അറസ്റ്റെന്ന് കോടതി നിരീക്ഷിച്ചു. ഏഴു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ അറസ്റ്റിന് മുന്‍പായി നിര്‍ബന്ധമായും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 35(3) പ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ചില്ല. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യം ഉണ്ടായിരുന്നില്ല. പ്രതി ഒളിവില്‍ പോകുമെന്നോ തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള വാദങ്ങള്‍ ശരിവയ്‌ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോഹന്‍ദാസിന്റെ ലാപ്‌ടോപ്പും ഫോണും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട അനിവാര്യതയില്ലെന്നും കോടതി വ്യക്തമാക്കി.
ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. മൂന്നുദിവസം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയുള്ളതിനാല്‍ മോഹന്‍ദാസ് തിരുവനന്തപുരത്ത് തങ്ങുകയാണ്.
















