മൂവാറ്റുപുഴ : വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളലൊരാളെ വെസ്റ്റ് ബംഗാളിൽച്ചെന്ന് പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ ജലങ്കി സ്വദേശിയായ അസ്‌ലം ഷേക്ക് (31)നെയാണ് തടയിട്ട പറമ്പ് പോലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നന്ന കണ്ണികളിൽപ്പെട്ട ആളാണ് അസ്‌ലം. 15 വർഷത്തോളം പോഞ്ഞാശ്ശേരി ചെമ്പറക്കി ഭാഗങ്ങളിൽ താമസിച്ച് വന്നിരുന്ന ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. കഞ്ചാവ് പിടികൂടിയ വീട് വാടകയ്‌ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗ്ഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച ടീം ബംഗാൾ മുർഷിദാബാദ് ജലങ്ങി പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പട്ടണത്തിൽ നിന്നും ഏറെ അകലെയുള്ള ഉൾഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പുറത്ത് നിന്നുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശം. ഈ ഭാഗത്ത് വേഷം മാറി താമസിച്ചാണ് അസ്ലമിനെ കണ്ടെത്തിയത്. പിടികൂടാൻ നേരത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ അരുൺകുമാർ, സബ് ഇൻസ്പെക്ടർ കെ.എ നൗഷാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാനി തോമസ്, സീനിയർ സിപിഒ കെ.എസ് അനൂപ്, സി പി ഒ റോബിൻ ജോയ്, പി.ആർ മിഥുൻ, മുഹമ്മദ് നൗഫൽ, എന്നിവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















