
കവിയും ഗാനരചയിതാവും അക്ഷരശ്ലോകകാരനുമായ രാപ്പാള്‍ സുകുമാരമേനോന്‍ അശീതിയുടെ നിറവിലാണ്. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഒട്ടനവധി കാവ്യങ്ങളുടെ കര്‍ത്താവാണ് മേനോന്‍. പൂക്കളും പുഴകളും പൂരവും മേളവും ആനയും അമ്പാരിയും ഓണവും വിഷുവും തിരുവാതിരയുമെല്ലാം ഇദ്ദേഹത്തിന്റെ രചനകളില്‍ അക്ഷരനിലാവായി പെയ്തിറങ്ങുന്നു.
തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് കുറുമാലിപ്പുഴയുടെ തീരത്തെ രാപ്പാള്‍ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. നാന്ദിനിയാറിന്റെ ഓളവും തീരവും ഇദ്ദേഹത്തിന്റെ കാവ്യങ്ങള്‍ക്ക് മനോഹാരിത നല്‍കി. ഭക്തിയും പ്രകൃതിയും ക്ഷേത്രകലാരൂപങ്ങളും മാത്രമല്ല ഒട്ടനവധി ജിവിതഗന്ധിയായ പ്രമേയങ്ങളും കവിതകള്‍ക്ക് വിഷയമായി. കുട്ടിക്കാലത്ത് മാതാപിതാക്കളില്‍നിന്നും കേട്ടുശീലിച്ച പുരാണപാരായണവും ദൈവനാമജപധ്വനികളും മേനോന്റെ മനസ്സില്‍ കവിതയുടെ വിത്തുകള്‍ പാകി. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യകവിത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പത്രികയിലൂടെ പ്രകാശിതമായത്.
മെട്രോ മൂവീസിന്റെ സ്വപ്‌നരാഗം എന്ന എന്ന ചിത്രത്തിനാണ് മേനോന്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. തുടര്‍ന്ന് പുഴയൊഴുകും വഴി, ശംഖുനാദം, ഒരു പവിഴച്ചെപ്പ് തുറക്കുന്നു, യാത്രാമൊഴി തുടങ്ങിയ സിനിമകള്‍ക്കും ഗാനരചന നിര്‍വഹിച്ചു. തൃശൂര്‍ പറപ്പൂക്കര സ്വദേശിയായ ജോളി പോള്‍സണ്‍ എന്ന സിനിമാനിര്‍മ്മാതാവാണ് മേനോനെ പാട്ടെഴുതാനായി മദ്രാസിലെത്തിച്ചത്. 1985 ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘പുഴയൊഴുകും വഴിയിലെ’ സ്വരമന്ദാകിനി മോഹശതങ്ങളില്‍ രാഗവും താളവും തപസ്സിരുന്നു…, ധനുമാസക്കുളിരലകള്‍…, കുളിരുകള്‍ പൂക്കുമീ… എന്നീ ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷുടെ സംഗീതസംവിധാനത്തില്‍ യേശുദാസാണ് ആലപിച്ചത്.
ശംഖ്നാദം എന്ന ചിത്രത്തിലെ ജെറി അമല്‍ദേവ് സംഗീതം നിര്‍വഹിച്ച മന്ദാരക്കാറ്റില്‍, വരൂ കണ്‍മണി, നീരദകോമള എന്നീ ഗാനങ്ങളും യാത്രാമൊഴി എന്ന സിനിമക്കുവേണ്ടി വിദ്യാധരന്‍മാഷ് സംഗീതം നിര്‍വഹിച്ച കൃഷ്ണതുളസിയും മുല്ലയും തുമ്പയും… എന്ന ഹിറ്റ് ഗാനവും സുകുമാര മേനോന്റെ രചനയാണ്.
ലളിതഗാനശാഖയിലും മേനോന്റെ സംഭാവന വലുതാണ്. ആകാശവാണി തൃശൂര്‍ നിലയത്തിനായി സഹ്യന്റെ ദുഃഖം എന്ന സംഗീതശില്‍പ്പത്തിന്റെ രചന നിര്‍വഹിച്ചു. ഭക്തപ്രിയ, കവനകൗതുകം, ക്ഷേത്രദര്‍ശനം തുടങ്ങിയ മാസികകളില്‍ ഇദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ആസ്വദകര്‍ക്ക് അനുഭൂതിയായി. രവീന്ദ്രന്‍മാഷ്, ജെറി അമല്‍ദേവ്, കൊടകര മാധവന്‍, വിദ്യാധരന്‍മാസ്റ്റര്‍, ഹരികൃഷ്ണ എം. എന്നിവരൊക്കെ മേനോന്റെ വരികള്‍ക്ക് സംഗീതഭാഷ്യം ചമച്ചവരാണ്. യേശുദാസും ജയചന്ദ്രനും മധുബാലകൃഷ്ണനും വാണിജയറാമും ഉണ്ണിമേനോനും ചിത്രയും സുജാതയുമൊക്കെ രാപ്പാളിന്റെ രചനകള്‍ ആലപിച്ചു. മാനസാന്തരം, ഗുരുദക്ഷിണ, അഹംമിഥ്യ തുടങ്ങിയ സംഗീതശില്‍പ്പങ്ങളുടെ രചന സുകുമാരമേനോന്റേതാണ്.
ഇന്ത്യന്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് സൊസൈറ്റിയിലെ അംഗമാണ് മേനോന്‍. അരനൂറ്റാണ്ടായി അക്ഷരശ്ലോകകലയെ അളവറ്റ് സ്നേഹിക്കുന്ന രാപ്പാള്‍ കേരളത്തനിമയുടെ കവിയാണ്. പഞ്ചാരിയും പഞ്ചവാദ്യവും ഇദ്ദേഹത്തിന്റെ കവിതകള്‍ക്ക് താളം നല്‍കുന്നു. കാണിപ്പയ്യൂര്‍ കവനകൊതുകം അവാര്‍ഡും മുക്തകത്തിനുള്ള നന്ദനന്‍പിള്ള അവാര്‍ഡും മേനോനെത്തേടിയെത്തി. 19 കവിതകളടങ്ങിയ അക്ഷരനിലാവെന്ന കവിതാസമാഹാരത്തിന്റെ രചയിതാവായ ഇദ്ദേഹത്തിന്റെ പുതിയ ശ്ലോകസമാഹാരം ‘അക്ഷരതീര്‍ത്ഥം’ എണ്‍പതാംപിറന്നാള്‍ ആഘോഷവേദിയില്‍ പ്രകാശനം ചെയ്യും.