ഹനുമാന്‍ ലങ്കയില്‍ സീതാദേവിയെ കണ്ടതും അങ്ങനെ സൂര്യവംശത്തെയും രാമ, ലക്ഷ്മണ, സുഗ്രീവന്മാരെയെല്ലാം സഹായിച്ചതും രാമന്‍ പ്രത്യേകം എടുത്തുപറഞ്ഞ് അവന്റെ വിശ്വസ്തതയേയും ധൈര്യത്തേയും പ്രശംസിച്ചു. വാനരസൈന്യത്തോടൊപ്പം മുതലകള്‍ നിറഞ്ഞ സമുദ്രം മറികടക്കാനും ലങ്കയില്‍ച്ചെന്ന് രാവണനേയും അവന്റെ സൈന്യത്തേയും നേരിടാനുമുള്ള പദ്ധതിയെപ്പറ്റിയും അങ്ങിനെ സീതയെ വീണ്ടും കാണുവാനുമുള്ള മഹത്തായ ദൗത്യത്തെക്കുറിച്ചും രാമന്‍ ചിന്താമഗ്നനായി.
സുഗ്രീവന്‍, രാമനെ ആശ്വസിപ്പിച്ച്, തന്റെ കൂടെയുള്ള അതിശക്തരായ വാനരന്മാര്‍ അജയ്യരാണെന്നും ഏത് പ്രതിബന്ധവും മറികടക്കാന്‍ അവരെല്ലാം തയ്യാറാണെന്നും ഉറപ്പിച്ചു പറഞ്ഞു. രാമന്‍ ഹനുമാനോട് ലങ്കയുടെ വിശദമായ വിവരണം നല്കുവാന്‍ ആവശ്യപ്പെട്ടു. അതിന്റെ കോട്ടകള്‍, കിടങ്ങുകള്‍, പ്രതിരോധങ്ങള്‍ എല്ലാം വിശദമാക്കാന്‍ ആവശ്യപ്പെട്ടു.
ത്രികൂടപര്‍വ്വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ലങ്ക, ഏഴുന്നൂറ് യോജന വിസ്തൃതമായ സുവര്‍ണ്ണനഗരമാണ്. ഏഴ് നിലയുള്ള ഗോപുരങ്ങള്‍, ആഴമേറിയ കിടങ്ങുകളോടു കൂടിയ ഏഴ് മതിലുകള്‍, യന്ത്രവത്കൃത പാലങ്ങള്‍, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് രാക്ഷസരും യോദ്ധാക്കളും എല്ലാം ഉണ്ടെന്ന് ഹനുമാന്‍ വിവരിച്ചു. രാവണന്‍ ഹനുമാന്റെ വാലിന് തീവെപ്പിച്ചെങ്കിലും, ഹനുമാന്‍ രക്ഷപ്പെട്ട് നഗരത്തിന്റെ വിശാലമായ പ്രദേശം കത്തിച്ച് ശത്രുവിന്റെ ശക്തി കുറച്ചതായി രാമനെ അറിയിച്ചു. യമനെ(മൃത്യുദേവനെ) പ്രീതിപ്പെടുത്താന്‍ വേണ്ടിയെങ്കിലും രാക്ഷസരെ തോല്പിക്കാനുള്ള യുദ്ധം ഉടനെ ആരംഭിക്കാന്‍ രാമനെ ആഹ്വാനം ചെയ്തു.
ശ്രീരാമന്റെ തയ്യാറെടുപ്പുകള്‍
ഹനുമാന്റെ വിവരണത്തില്‍ പ്രചോദിതനായ രാമന്‍ ശ്രദ്ധാപൂര്‍വ്വം വിശദമായിത്തന്നെ ഒരു യുദ്ധതന്ത്രം രൂപപ്പെടുത്തി. രാമന്‍ സ്വയം പടയെ നയിക്കാന്‍ തീരുമാനിച്ചു. ലക്ഷ്മണന്‍ അംഗദന്റെ തോളില്‍ക്കയറി പ്രമുഖ വാനരസേനാപതികളോടൊപ്പം യാത്ര തിരിച്ചു. വാനരന്മാര്‍ ഉത്സാഹത്തോടെ പഴങ്ങളും പാനീയങ്ങളും ശേഖരിച്ചു കൂടെ നടന്നു.
രാവണന്റെ തയ്യാറെടുപ്പുകള്‍
ഹനുമാന്റെ ആക്രമണത്തില്‍ ലങ്കയില്‍ ഉണ്ടായ നാശനഷ്ടങ്ങളും പ്രത്യാഘാതവും വിലയിരുത്താന്‍ രാവണന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാര്‍ വിവിധ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഏകകണ്ഠമായ തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവര്‍ പരസ്പരം വാദിച്ചു. രാമനെ നേരിടാനുള്ള രാവണന്റെ തയ്യാറെടുപ്പ് കുറ്റമറ്റതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
കുംഭകര്‍ണ്ണനെ ഉണര്‍ത്തുന്നു

കുംഭകര്‍ണ്ണന്‍ നീണ്ട ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന്, സഭയിലെത്തിയിട്ട്, ”രാമന്‍ മനുഷ്യനല്ല, ധര്‍മ്മം സ്ഥാപിക്കാന്‍ വന്ന നാരായണനാണെന്ന്” രാവണന് മുന്നറിയിപ്പ് നല്‍കി. രാമനെ എതിര്‍ക്കുന്നത് ലങ്കയുടെ നാശത്തിന് കാരണമാകുമെന്നും രാവണനെ അറിയിച്ചു. എങ്കിലും കുംഭകര്‍ണ്ണന്‍ യുദ്ധത്തിനായി തയ്യാറെടുത്തു.
വിഭീഷണന്റെ രാവണോപദേശം
രാവണന്റെ ഇളയ സഹോദരന്‍ വിഭീഷണന്‍, ദിവ്യശക്തിയുള്ള രാമനെ എതിര്‍ക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ജ്യേഷ്ഠനെ ഉപദേശിച്ചു. ഇന്ദ്രജിത് ഉള്‍പ്പെടെ ഒരു യോദ്ധാവിനും രാമനെ തോല്പിക്കാന്‍ കഴിയില്ല. ”ഒരുവന്റെ ശത്രുക്കള്‍ നേരേവന്ന് എതിര്‍ക്കുന്നവരല്ല, മറിച്ച് വിശ്വസ്തതയില്ലാതെ മിത്രഭാവത്തില്‍ അഭിനയിക്കുന്ന നിന്നെപ്പോലുള്ളവരാണ്” എന്നു രാവണന്‍ വിഭീഷണനെ ഭര്‍ത്സിച്ചു.
ഇതുകേട്ട് നാരായണഭക്തനായ വിഭീഷണന്‍, രാമപാദങ്ങളെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചു. രാവണന്റെ ദേഷ്യത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ, നാല് വിശ്വസ്തരുമൊത്ത് വിഭീഷണന്‍ ലങ്ക വിട്ടുപോകാനൊരുങ്ങുമ്പോള്‍ ”എന്റെ സഹോദരനായതുകൊണ്ടു മാത്രമാണ് നിന്നെ വെറുതെ വിടുന്നത്. അല്ലെങ്കില്‍ നീയെന്റെ ചന്ദ്രഹാസത്തിന് ഇരയായേനേ. ഇനി നീ പോയി ശത്രുവായ രാമനെ സേവിച്ചാലും”എന്ന് രാവണന്‍ പറഞ്ഞു.
















