തിരുവനന്തപുരം:തിരുവനന്തപുരത്ത് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം. മുതലപ്പൊഴിയില്‍ സ്‌കൂബ സംഘത്തിന്റെ തെരച്ചില്‍ പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തി.മുങ്ങല്‍ വിദഗ്ധര്‍ വരുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സി പി ജോണ്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയ പ്രകാരം അവരെ സഹായിക്കാന്‍ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളും തയാറായി എത്തി. എന്നാല്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിവരെ സ്‌കൂബ സംഘം എത്തിയില്ല. ഇതില്‍ കുടുംബം പ്രതിഷേധമുയര്‍ത്തി.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു കാണാതായ ഷിജിനെ തെരയാന്‍ മറൈന്‍ ആംബുലന്‍സും മത്സ്യത്തൊഴിലാളി ബോട്ടുകളും രാവിലെ ഇറങ്ങി. പൊഴി ഭാഗത്തും തിരച്ചില്‍ വേണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു
ഫിഷറീസ്, തീര പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്‌കൂബ സംഘത്തെ എത്തിച്ചത്. അരമണിക്കൂര്‍ തെരഞ്ഞെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.ഈ മാസം അഞ്ചിനും മുതലപ്പൊഴിയില്‍ സ്‌കൂബ സംഘം തെരച്ചില്‍ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ നിര്‍ത്തി.
വിഴിഞ്ഞത് കാണാതായ ജോണിനായും തെരച്ചില്‍ തുടരുന്നു.തീര സംരക്ഷണ സേന കപ്പല്‍ തെക്ക് തമിഴ്‌നാട് തീരം വരെ പരിശോധന നടത്തുന്നുണ്ട്.വ്യോമസേന ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നിന്നെത്തി. ജൂലായ് 31നാണ് ഷിജിനെയും ജോണിനെയും മത്സ്യബന്ധനത്തിനിടെ കാണാതായത്.
















