
ന്യൂദല്‍ഹി: ഇന്ത്യ പരീക്ഷിച്ചത് 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ആണവ മിസൈലായ അഗ്നി 6 അല്ല, പകരം 4000 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള അഗ്നി 4 ആണെന്ന് റിപ്പോര്‍ട്ട്. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മധ്യദൂര ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം തന്നെയാണ് അറിയിച്ചത്. ഈ പരീക്ഷണം ചൈനയെ ഉദ്ദേശിച്ചല്ല, പാകിസ്ഥാനെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുമായി ഇനിയൊരു യുദ്ധത്തിന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് മാറ്റിവെയ്‌ക്കുന്നതാണ് ഉചിതമെന്ന സന്ദേശമാണ് ഈ പരീക്ഷണത്തിലൂടെ ഇന്ത്യ നല്‍കിയത്.
മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി ഇന്ത്യയുടെ സമുദ്ര-വ്യോമ പാതികളിലായി 2530 കിലോമീററര്‍ ദൂരപരിധിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നോട്ടാം പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 6,7 തീയതികളില്‍ ഒഡിഷ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നീ മേഖലയിലായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. ഇതോടെയാണ് അഗ്നി 6 ആയിരിക്കും പരീക്ഷിക്കുക എന്ന അഭ്യൂഹം പരന്നത്. കാരണം രണ്ട് ദിവസം 2530 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശത്തും സമുദ്രത്തിനടിയിലും വരെ കപ്പലുകളോ വിമാനങ്ങളോ പ്രവേശിക്കരുതെന്ന തരത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കില്‍ ശക്തി കൂടിയഏതെങ്കിലും ആണവമിസൈല്‍ തന്നെയായിരിക്കും പരീക്ഷിക്കുക എന്ന അഭ്യൂഹം പരന്നിരുന്നു. പക്ഷെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ച് അഗ്നി 4 ആണ് പീക്ഷിച്ചത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെയും പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുടെയും നേതൃത്വത്തിലായിരുന്നു പരീക്ഷണം.
രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ വിജയമെന്ന് രാജ് നാഥ് സിങ്ങ്
വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയിലെയും സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിലെയും ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ പരീക്ഷണം വീണ്ടും തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ അഗ്നി 6 പരീക്ഷിച്ച് പാകിസ്ഥാനും ചൈനയ്‌ക്കും മുന്നറിയിപ്പ് കൊടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഗ്നി 4 പരീക്ഷിച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഇന്ത്യയുടെ ലക്ഷ്യം ചൈനയല്ല, പാകിസ്ഥാനുള്ള മുന്നറിയിപ്പ് മാത്രമാണ്. ചൈനയെ ആക്രമിക്കാന്‍ ഇന്ത്യയ്‌ക്ക് 6000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈല്‍ ആവശ്യമാണ്. ഇതിന് ഇന്ന് അഗ്നി 6 എന്ന ആണവ മിസൈലിന് മാത്രമേ സാധിക്കൂ. അതിന്റെ ദൂരപരിധി 8000 മുതല്‍ 12000 കിലോമീറ്റര്‍ വരെയാണ്. പാകിസ്ഥാനാണ് ആക്രമണലക്ഷ്യമെങ്കില്‍ 1500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലേ ആവശ്യമുള്ളൂ. പാകിസ്ഥാനിലെ ഏത് പ്രദേശത്തും ആണവാക്രമണം നടത്താന്‍ അഗ്നി 4 എന്ന ബലിസ്റ്റിക് മിസൈല്‍ ധാരാളമാണ്.
പരീക്ഷണം വിജയം
ആഗസ്ത് 6-ന് നടന്ന പരീക്ഷണം പ്രതീക്ഷിച്ച എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിക്ഷേപണത്തിന് ശേഷം മിസൈല്‍ നിശ്ചയിച്ചിരുന്ന പറക്കല്‍ പാത കൃത്യമായി പിന്തുടരുകയും ലക്ഷ്യത്തിലെത്തുന്നതുവരെ എല്ലാ സംവിധാനങ്ങളും പ്രതീക്ഷിച്ച രീതിയില്‍ പ്രവർത്തിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരീക്ഷണത്തിനിടെ മിസൈലിന്റെ ഗൈഡൻസ് സംവിധാനം, പ്രൊപ്പല്‍ഷൻ, നാവിഗേഷൻ, നിയന്ത്രണ സംവിധാനം, റീ-എൻട്രി പ്രകടനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതിക ഘടകങ്ങള്‍ വിലയിരുത്തുകയും അവ വിജയകരമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ പ്രവർത്തന നിയന്ത്രണത്തിലാണ് പരീക്ഷണം നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
അഗ്നി-4 ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ പരമ്പരയിലെ അത്യന്തം നിർണായക അംഗമാണ്. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈല്‍ രണ്ട് ഘട്ടങ്ങളുള്ള ഖര ഇന്ധന റോക്കറ്റ് മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഏകദേശം 4,000 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ഇതിന് കഴിയും. നിർദ്ദിഷ്ട പറക്കല്‍ പാത പിന്തുടർന്ന് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താൻ റോക്കറ്റിന് സാധിച്ചതായി ഡിആർഡിഒ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ കരസേനയുടെ പിനാക്ക മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനത്തിന്റെ ആക്രമണ ശേഷി വർധിപ്പിക്കുന്നതില്‍ ഈ പരീക്ഷണം നിർണായകമായാണ് പറയുന്നു.
അഗ്നി 1 മുതല്‍ അഗ്നി 6 വരെ
ഇന്ത്യയുടെ ആണവ മിസൈലാണ് അഗ്നി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന് അറിയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന് ഇതില്‍ പങ്കുണ്ട്. ഇതുവരെ അഗ്നി 1 മുതല്‍ അഗ്നി 6 വരെ പരീക്ഷിച്ചുകഴിഞ്ഞു. അഗ്നി-1 ന് 700 കിലോമീറ്റർ ദൂരപരിധിയേ ഉള്ളൂ. പിന്നീടാണ് അഗ്നി-2 വികസിപ്പിച്ചത്. ഇതിന് 2,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. അഗ്നി-3 ഏകദേശം 3,000 കിലോമീറ്റർ വരെ ലക്ഷ്യത്തിലെത്താൻ കഴിവുള്ളതാണ്. അതേസമയം, അഗ്നി-4 ഈ ശ്രേണിയെ 4,000 കിലോമീറ്റർ വരെ ഉയർത്തി ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നു. ഇതിനുപുറമെ, 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-5 ഇന്ത്യയുടെ ദീർഘദൂര തന്ത്രപ്രധാന ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ മിസൈലുകളില്‍ ഒന്നാണ്. ഏറ്റവുമൊടുവില്‍ അഗ്നി 6ഉം ഇന്ത്യ പ്രാഥമികമായി പരീക്ഷിച്ചു. ഇതിന് 8000 കിലോമീറ്റര്‍ മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്.
പ്രതിരോധ രംഗത്ത് മോദിയുടെ ആത്മനിര്‍ഭര്‍ തത്വം വിജയിക്കുന്നു
പ്രതിരോധരംഗത്ത് ഇന്ത്യ തദ്ദേശീയമായി ആയുധങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ച് മുന്നേറുകയാണ്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന തത്വമാണ് പ്രതിരോധരംഗത്തും നടപ്പാക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ആയുധങ്ങള്‍ ഇറക്കുമതി മാത്രം ചെയ്തിരുന്ന ഇന്ത്യ ഇപ്പോള്‍ ഇന്ത്യയുടെ മണ്ണില്‍ തന്നെ നിര്‍മ്മിക്കുകയാണ്.ഇതിന് സ്റ്റാര്‍ട്ടപ്പ് കമ്പനികളെക്കൂടി വ്യാപകമായി മോദി കൊണ്ടുവന്നിരുന്നു. സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ വ്യക്തമായ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. മിസൈലുകള്‍, ഡ്രോണുകള്‍, റഡാർ സംവിധാനങ്ങള്‍, ഇലക്‌ട്രോണിക് യുദ്ധ ഉപകരണങ്ങള്‍, ആധുനിക ആയുധ പ്ലാറ്റ്ഫോമുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഡിആർഡിഒയും ഇന്ത്യൻ പൊതു-സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് വലിയ പുരോഗതിയാണ് കൈവരിക്കുന്നത്.
പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിലെ വിജയവും ഇന്ത്യ തദ്ദേശീയമായി പ്രതിരോധ രംഗത്ത് കൈവരിച്ച കുതിപ്പിന്റെ കൂടി ഉദാഹരണമായിരുന്നു. വിദേശത്ത് നിന്നും ആയുധങ്ങള്‍ വാങ്ങുമ്പോഴും ഇന്ത്യയില്‍ ആ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കണം എന്ന വ്യവസ്ഥയോടെ മാത്രമേ ഇന്ത്യ വാങ്ങൂ. കാരണം ഒരു അടിയന്തരസാഹചര്യം ഉണ്ടായാല്‍ ഇവയുടെ ഘടകപദാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയോ അറ്റകുറ്റപ്പണിക്ക് വേണ്ടിയോ വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ പലപ്പോഴും അവര്‍ സമയത്ത് പ്രതികരിക്കാറില്ലെന്ന അനുഭവമാണ് ഇന്ത്യയെ ഇങ്ങിനെ ഒരു നയം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, വിദേശ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ മിസൈലുകള്‍ ഘടിപ്പിക്കാനോ വിദേശ ആയുധങ്ങളില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാനോ അതിന്റെ സാങ്കേതിക വിദ്യ കൂടി കൈവശമുണ്ടെങ്കിലേ സാധിക്കൂ. എന്തായാലും മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ പ്രതിരോധ രംഗം വലിയ തോതില്‍ കുതിച്ചുവളരുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത്ആയുധങ്ങള്‍ ഇറക്കമുതി ചെയ്തിരുന്ന രാജ്യം എന്ന നിലയില്‍ നിന്നും ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന പദവിയിലേക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുന്നു.