തിരുവനന്തപുരം: അമ്മതന്‍ അമ്മിഞ്ഞപ്പാല്‍മധുരം നുണയാന്‍ കഴിയാത്ത കുഞ്ഞോമനകള്‍ക്ക് പാലൂട്ടാന്‍ ഒരായിരം അമ്മമാരെത്തും. അമ്മയുടെ അഭാവത്തില്‍ വലയുന്ന നവജാത ശിശുക്കള്‍ക്കായി ‘ഹ്യൂമന്‍ മില്‍ക്ക് ബാങ്കി’ന് ശിശുക്ഷേമസമിതി തിരുവനന്തപുരം കേന്ദ്രത്തില്‍ തുടക്കമിടുന്നു. ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കായി മില്‍ക്ക് ബാങ്ക് സ്ഥാപിക്കുന്ന ഭാരതത്തിലെ ആദ്യ സംസ്ഥാനമാകും കേരളം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലാണ് മില്‍ക്ക് ബാങ്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാല്‍പ്പൊടികള്‍ കൊണ്ടുള്ള സാധാരണയുള്ള പാലാണ് ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. അതിന്റെ കുറവ് പരിഹരിക്കുന്നതിനാണ് സമിതി ഇത്തരം സംരംഭം തുടങ്ങുന്നത്. മുലപ്പാല്‍ കൊടുക്കാന്‍ തയാറായിട്ടുള്ള നിരവധി അമ്മമാരുണ്ട്. ഇപ്പോള്‍ എറണാകുളത്ത് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇത്തരം ഒരു കേന്ദ്രം പ്രവര്‍ത്തിക്കുന്നു. മുലപ്പാല്‍ നല്‍കാന്‍ തയാറായിട്ടുള്ള അമ്മമാര്‍ക്ക് വളരെ സ്വകാര്യതയില്‍ പാല്‍ നല്‍കാനുള്ള സംവിധാനം ഒരുക്കും. ഇവര്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടോയെന്ന് പരിശോധിക്കും. എന്നിട്ടാകും മുലപ്പാല്‍ ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന പാല്‍ കൃത്യമായി പരിശോധിച്ച് ശീതികരിച്ച് സൂക്ഷിക്കും. കുട്ടികള്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ പാല്‍ നല്‍കും. ആവശ്യത്തിലധികം വരികയാണെങ്കില്‍, എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് ശേഷം പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരുടെ കുട്ടികള്‍ക്ക് നല്‍കും. ജനുവരിയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
ഇതിനിടെ അമ്മത്തൊട്ടിലില്‍ ആയിരാമത്തെ അതിഥിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.35ന് 2.57 കിലോ ഭാരവും 5 ദിവസം പ്രായവുമുള്ള ഒരു പെണ്‍കുഞ്ഞാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ എത്തിയത്. കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടു. 75-ാം വര്‍ഷം ആഘോഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി വിവിധ ജില്ലകളില്‍ 75 പരിപാടികള്‍ സംഘടിപ്പിക്കും. കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ കലാകായിക പരിപാടികള്‍ സംഘടിപ്പിക്കും.















