India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഭൂമിയുടെ യഥാർത്ഥ രേഖകൾ ഉടൻ ഹാജരാക്കാനും നിർദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജയ്‌പൂർ : ഹിന്ദു ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വീടുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്‌ക്ക് മേൽ വരെ അവകാശം ഉന്നയിച്ച രാജസ്ഥാൻ വഖഫ് ബോർഡിനെതിരെ ഹൈക്കോടതി. ജോധ്പൂരിലെ നിരവധി പ്രധാന പൊതു സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സോഹൻലാൽ മണിഹാർ സ്കൂൾ, ഷാ ഗോവർദ്ധൻലാൽ കബ്ര കോളേജ്, കബ്ര മാതൃശ്രീ കലാ മന്ദിർ, അഗർവാൾ ബാഗിച്ചി, അഗർവാൾ മഹാവീർ മന്ദിർ, സത്ഗുരു കബീർ ആശ്രമം, ഗൗരേശ്വർ മഹാദേവ് മന്ദിർ, മാരു ലോഹർ സിക്ലിഗർ മന്ദിർ, ജുനഗർ ന്യാതി ബാഗിച്ചി, രണ്ട് ന്യാതി ഭവനങ്ങൾ, ഗീതാ ഭവൻ, മറ്റ് വിവിധ റെസിഡൻഷ്യൽ, വാണിജ്യ സ്വത്തുക്കൾ , രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി വിനീത് കുമാർ മാത്തൂറിന്റെയും ജാർഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ടാറ്റിയയുടെയും ഔദ്യോഗിക വസതികളും വഖഫ് ഗസറ്റിലും ‘ഉമ്മീദ്’ പോർട്ടലിലും വഖഫ് സ്വത്തുക്കളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് സർക്കാർ ഔദ്യോഗിക റവന്യൂ രേഖകൾക്ക് വിരുദ്ധമാണ്

അതുകൊണ്ട് തന്നെ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന സ്വത്തുക്കളുടെ നിലവിലെ നിയമപരമായ നിലയിലോ ഉടമസ്ഥതയിലോ യാതൊരു മാറ്റവും വരുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട് മ്യൂട്ടേഷൻ, കൈമാറ്റം, പാട്ടത്തിന് നൽകൽ, ലൈസൻസിംഗ്, നിർമ്മാണം അല്ലെങ്കിൽ പൊളിക്കൽ തുടങ്ങിയ യാതൊരു നടപടികളും സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, എല്ലാ റവന്യൂ രേഖകളും സുരക്ഷിതമാക്കാനും ജിപിഎസ് ഡാറ്റയും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് ഭൂമിയുടെ ഭൗതിക പരിശോധന നടത്താനും ജോധ്പൂർ ജില്ലാ കളക്ടറോട് ഉത്തരവിട്ടിട്ടുണ്ട്.

രാജസ്ഥാൻ ബോർഡ് ഓഫ് മുസ്ലീം വഖഫിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് (സിഇഒ) ഭൂമിയുടെ യഥാർത്ഥ രേഖകൾ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു . വഖഫ് പോർട്ടലിലും ഔദ്യോഗിക ഗസറ്റിലും ഈ സ്വത്തുക്കൾ ഉൾപ്പെടുത്തുന്നതിന് അടിസ്ഥാനമായ രേഖകൾ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയോ ബാധിത കക്ഷികളെ അറിയിക്കാതെയോ ഏതെങ്കിലും സ്വത്ത് വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യുന്നത് ഗുരുതരമായ പ്രശ്നമാണെന്നും കോടതി വിലയിരുത്തി.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉദ്ധരിച്ച്, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രധാനമാണെങ്കിലും, ഒരു മതപരമായ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയില്ലെന്നും. കോടതി അഭിപ്രായപ്പെട്ടു

Recent Posts