
ഇസ്ലാമാബാദ്: കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പിഒകെ) 30 ലധികം ഭീകരർ കൊല്ലപ്പെട്ടതായി നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ മുതിർന്ന കമാൻഡർ പരസ്യമായി സമ്മതിച്ചു. എൽഇടിയുടെ പിഒകെ വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് റിസ്വാൻ ഹനീഫ് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായി.
“അജ്ഞാതരായ തോക്കുധാരികളാണ്” ആക്രമണങ്ങൾ നടത്തിയതെന്ന് ലഷ്കർ കമാൻഡർ ആരോപിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച റിസ്വാൻ ഹനീഫ്, ആരോപണത്തെ പിന്തുണയ്‌ക്കുന്ന ഒരു തെളിവും നൽകിയില്ല. ഭീകരവാദ ഗ്രൂപ്പുകളുടെ മുതിർന്ന നേതാക്കളിൽ നിന്ന് ഇത്തരം സമ്മതങ്ങൾ അപൂർവമാണ്. ഒരു പൊതു പ്രസംഗത്തിനിടെയാണ് റിസ്വാൻ ഹനീഫ് ഈ സമ്മതം നടത്തിയത്, പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്മെന്റ്, പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഉൾപ്പെടെയുള്ള പ്രോക്സി ഗ്രൂപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ റിസ്വാൻ ഹഫീഫ് പങ്കാളിയാണ്.
പെഷാവർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ് (പിഒകെ), റാവലക്കോട്ട് (പിഒകെ) എന്നിവിടങ്ങളിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പെഷവാറിൽ ഒരാൾ, കറാച്ചിയിൽ ഒരാൾ, റാവൽപിണ്ടിയിൽ ഒരാൾ, മുസാഫറാബാദിൽ ഒരാൾ, റാവലക്കോട്ടിൽ ഒരാൾ എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹനീഫ് പറഞ്ഞു. സംഘടനയ്‌ക്കുള്ളിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഉണ്ടായ നഷ്ടങ്ങൾ പരസ്യമായി അംഗീകരിക്കുന്നതിനാലാണ് ഈ പ്രസ്താവന ശ്രദ്ധ നേടിയത്.
നിരോധിത ഭീകര സംഘടനകളിലെ മുതിർന്ന അംഗങ്ങൾ അവരുടെ സംഘടനകൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് തുറന്നുപറയുന്നത് വളരെ അപൂർവമായതിനാൽ ഈ പരാമർശങ്ങൾ വേറിട്ടുനിൽക്കുന്നുവെന്ന് നിരീക്ഷകർ പറയുന്നു.