
കൊട്ടാരക്കര: കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നത് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. സംസ്ഥാനത്ത് 692 ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ ഗുരുതര പ്രതിസന്ധിയില്‍.
ഒരു ഹയര്‍സെക്കന്‍ഡറി ബാച്ച് നിലനിര്‍ത്താനായി കുറഞ്ഞത് 25 വിദ്യാര്‍ത്ഥികളെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തില്‍, എണ്ണം തികയ്‌ക്കാന്‍ സ്‌കൂളുകള്‍ തമ്മില്‍ കടുത്ത മത്സരമാണ്. അതേസമയം, സംസ്ഥാനത്തെ 85 വിഎച്ച്എസ്‌സി ബാച്ചുകളിലും മിനിമം വിദ്യാര്‍ത്ഥികളുടെ അഭാവം നിലനില്‍ക്കുന്നു.
ശാസ്ത്രീയ പഠനം നടത്താതെയാണ് സംസ്ഥാനത്ത് 120 പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതെന്ന വിമര്‍ശനം ഉയരുകയാണ്. വിദ്യാര്‍ത്ഥികള്‍ തീരെ കുറവുള്ള ബാച്ചുകള്‍ ആവശ്യമുള്ള സ്‌കൂളുകളിലേക്ക് പുനക്രമീകരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും, ഭൂരിഭാഗവും എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ അധിക ബാച്ചുകളായി അനുവദിച്ചതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കണക്കുകള്‍ പ്രകാരം നിലവില്‍ 40,917 ഹയര്‍സെക്കന്‍ഡറി സീറ്റുകളും 6255 വിഎച്ച്എസ്‌സി സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. തത്സമയ പ്രവേശനവും മാനേജ്‌മെന്റ് ക്വാട്ട പ്രവേശനവും പൂര്‍ത്തിയാകുമ്പോള്‍ ഈ കണക്കുകളില്‍ വ്യത്യാസം വന്നേക്കാം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്റ്റാഫ് പ്രൊട്ടക്ഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍, ആയിരത്തിലധികം അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാഹചര്യം രൂപപ്പെടുമെന്ന ആശങ്കയും ശക്തമാണ്.
അതേസമയം, സംസ്ഥാനത്തെ വിഎച്ച്എസ്‌സി സ്‌കൂളുകളില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ മികച്ച അഡ്മിഷനാണ് രേഖപ്പെടുത്തിയത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരംഭിച്ച നൂതന തൊഴില്‍നൈപുണി കോഴ്സുകള്‍, ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനൊപ്പം തൊഴില്‍നൈപുണി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധസര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതും വിദ്യാര്‍ത്ഥികളെ വിഎച്ച്എസ്‌സി കോഴ്സുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഒരു ഹയര്‍സെക്കന്‍ഡറി ബാച്ചിലെ പരമാവധി വിദ്യാര്‍ത്ഥികളുടെ എണ്ണം 45 ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.