ഗാംങ്‌ടോക്ക്: കൊവിഡ് മഹാമാരിയെയും ഗാല്‍വാന്‍ താഴ്വരയിലെ സൈനിക സംഘര്‍ഷത്തെയും തുടര്‍ന്ന് അടച്ചിട്ടിരുന്ന സിക്കിമിലെ തന്ത്രപ്രധാനമായ നാഥുല ചുരം ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറന്നു. ഇതോടെ ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തി വ്യാപാരം ഔദ്യോഗികമായി പുനരാരംഭിച്ചു. പഴയ സില്‍ക്ക് റൂട്ടിന്റെ ചരിത്രപ്രധാനമായ വ്യാപാര ഇടനാഴിയാണ് വീണ്ടും തുറന്നത്.
ആദ്യദിനം 38 ഭാരതീയ വ്യാപാരികള്‍ക്കാണ് അതിര്‍ത്തി കടന്ന് വ്യാപാരം നടത്താനുള്ള പാസുകള്‍ അധികൃതര്‍ കൈമാറിയത്. സീറോ പോയിന്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെയും സിക്കിം സര്‍ക്കാരിന്റെയും പ്രതിനിധികളും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളും പങ്കെടുത്തു.
സിക്കിമിലെ നാഥുലായ്‌ക്ക് പുറമെ ഉത്തരാഖണ്ഡിലെ ലിപുലേഖ്, ഹിമാചല്‍ പ്രദേശിലെ ഷിപ്കി ലാ എന്നീ ചുരങ്ങള്‍ വഴിയുള്ള വ്യാപാരവും പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് വര്‍ഷമായി വ്യാപാരം മുടങ്ങിക്കിടന്നതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന മേഖലയിലെ അറുന്നൂറോളം വരുന്ന രജിസ്റ്റര്‍ ചെയ്ത ഭാരതീയ വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. തങ്ങളുടെ ജീവനോപാധി തിരികെ നല്‍കിയ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യാപാരികള്‍ നന്ദി അറിയിച്ചു.
കമ്പിളി, പശ്മിന, യാക്ക് വാല്‍, ഉപ്പ്, പച്ചമരുന്നുകള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ തുടങ്ങി 36 തരം പരമ്പരാഗത ഉത്പന്നങ്ങള്‍ക്കാണ് ഈ പാതയിലൂടെ വ്യാപാര അനുമതിയുള്ളത്. ഇതിന് പുറമെ, അതിര്‍ത്തിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി റോങ്ലി, മെന്‍ല എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും അതിര്‍ത്തി മേഖലയില്‍ അതിവേഗം പൂര്‍ത്തിയാക്കിവരികയാണ്.











