India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മധുര തിരുപ്രംകുണ്ഡ്രം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് സുപ്രീംകോടതി സ്‌റ്റേയില്ല. തമിഴ്‌നാട് സര്‍ക്കാര്‍ അപ്പീലില്‍ സ്‌റ്റേയ്‌ക്ക് സുപ്രീംകോടതി വിസമ്മതിച്ചു. ഇതോടെ ഹൈക്കോടതി ഉത്തരവു നിലനില്‍ക്കും. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നറിയിച്ച കോടതി, ഹര്‍ജിക്കാരനായ രാമ രവികുമാര്‍, മധുര ജില്ലാ കളക്ടര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, തമിഴ്‌നാട് വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസയച്ചു.

ഹൈക്കോടതിയുടെ ജനുവരിയിലെ വിധിക്കെതിരേ അപ്പീലിനു താമസിച്ചതിന് ന്യായീകരണങ്ങള്‍ നിരത്തിയ തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ദീപം തെളിയിക്കുന്നത് ക്ഷേത്രത്തിന്റെ സ്ഥലത്താണെങ്കിലും ദര്‍ഗയും അടുത്തുണ്ടെന്നും അതിനാല്‍ നിയമ, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കാമെന്നുമുള്ള സര്‍ക്കാര്‍ വാദം സുപ്രീംകോടതിയും അംഗീകരിച്ചില്ല. ഹൈക്കോടതി വിധി തടയേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദീപം തെളിക്കാന്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചും അനുമതിയേകിയിരുന്നു.