India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബയ്: സാമ്പത്തിക വളര്‍ച്ചയിലൂടെ മാത്രമല്ല സംസ്‌കാരവും സ്വഭാവശുദ്ധിയും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മുംബയിലെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍.എസ്.ഇ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിനായി വിദ്യാഭ്യാസം’ എന്ന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസും മുംബയ് സര്‍വകലാശാലയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അറിവും നൈപുണ്യവും സ്വഭാവരൂപീകരണവും സമന്വയിപ്പിക്കുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. പുരുഷാര്‍ത്ഥങ്ങളുടെ സമഗ്ര വികാസത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. നമ്മള്‍ വെറും വ്യവസായശാലകളെയല്ല, മറിച്ച് ഒരു മഹത്തായ സംസ്‌കാരത്തെയാണ് രൂപപ്പെടുത്തുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ മനുഷ്യനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്.

2047 ല്‍ വികസിത ഭാരതം എന്നത് ഒരു നാഴികക്കല്ലാണ്, അതോടെ രാജ്യത്തിന്റെ വളര്‍ച്ച നില്‍ക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓരോ നയങ്ങളും അതത് കാലഘട്ടത്തിന് അനുയോജ്യമായതാണ്. അതിനാല്‍ നമ്മുടെ വേരുകള്‍ കൈവിടാതെ കാലഘട്ടത്തിന്റെ ആവശ്യാനുസരണം നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം. വിദ്യാഭ്യാസം, വ്യവസായം, ഭരണം, സമൂഹം എന്നിവയുടെയെല്ലാം ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം 2047 എന്ന ദേശീയ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അധ്യക്ഷ ഡോ. പങ്കജ് മിത്തല്‍,
ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുല്‍ കൊത്താരി, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആശിഷ് ചൗഹാന്‍ എന്നിവര്‍ സംസാരിച്ചു.

രാജ്യത്തുടനീളമുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, തുടങ്ങി നൂറോളം പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ നടന്ന ജ്ഞാനസഭയുടെ തുടര്‍ച്ചയായാണ് മുംബയിലും
സംഘടിപ്പിച്ചത്. ദേശീയഗാനാലാപനത്തോടെ ദേശീയ സെമിനാര്‍ സമാപിച്ചു.

 

 

Recent Posts