കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11 കോടിയിൽ അധികം വിലയുള്ള 8 കിലോ സ്വർണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇൻ്റലിജൻസും, കേരള പോലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കമാണ് വലിയ സ്വർണവേട്ടയ്‌ക്ക് വഴിയൊരുക്കിയതെന്ന് കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.
അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ അതീവ സങ്കീർണ്ണമായ രീതികളാണ് നിലവിൽ ഉപയോഗിക്കുന്നത്. സ്വർണം പേസ്റ്റ് രൂപത്തിലോ മറ്റ് സംയുക്ത രൂപങ്ങളിലോ ആക്കി മാറ്റുന്നു. പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾക്കുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റിന്റെ അടിഭാഗം തുടങ്ങി അസാധാരണമായ സ്ഥലങ്ങളിലാണ് സ്വർണം ഒളിപ്പിക്കുന്നത്. ഇത്തരം പുതിയ തന്ത്രങ്ങളെ പ്രതിരോധിക്കാൻ വിമാനത്താവളങ്ങളിൽ പരിശോധനയും രഹസ്യാന്വേഷണവും കൂടുതൽ ശക്തമാക്കിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.














