നാഗര്‍കോവില്‍: ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു.
1987 ബാച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥനായ സുബ്ബറാവു, ദക്ഷിണപടിഞ്ഞാറന്‍, ദക്ഷിണ മധ്യ റെയില്‍വേകളില്‍ ഉള്‍പ്പെടെ വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. സേലം ഡിവിഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ഹുബ്ബള്ളിയിലെ അഡീ. ജനറല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റെയില്‍വേ ഉല്‍പ്പാദനത്തിലും നവീന പ്രവര്‍ത്തനരീതികളിലും മികവ് തെളിയിച്ച ഉദ്യോഗസ്ഥനെന്ന പേരുകേട്ട സുബ്ബറാവുവിന്റെ നേതൃത്വത്തില്‍ ഐസിഎഫ് ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ റെയില്‍ വീല്‍ ഫാക്ടറിയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം ചക്രങ്ങള്‍ നിര്‍മിച്ച റെക്കോര്‍ഡ് നേട്ടത്തിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഐഐഎം ബെംഗളൂരുവില്‍ നിന്ന് പബ്ലിക് പോളിസി ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം വിദേശങ്ങളില്‍ ഉന്നത മാനേജ്‌മെന്റ് പരിശീലനവും നേടിയിട്ടുണ്ട്. ജൂലൈ 31ന് വിരമിച്ച ആര്‍.എന്‍. സിംഗിന് പകരമാണ് പുതിയ നിയമനം.











