
കോഴിക്കോട്: കേരളത്തിൽ അപ്രതീക്ഷിതമായി പെയ്ത ശക്തമായമഴയിൽ വ്യാപകനാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് അഞ്ച് പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിലങ്ങാട് മലയോരത്ത് കനത്ത മഴ പെയ്യൂകയാണ്. നാദാപുരം വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകുന്നു. വടകരയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ പ്രധാന കുടിവെളള പദ്ധതിയാണ് വിഷ്ണുമംഗലം പദ്ധതി. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
നാളെ രാവിലെ വരെ മഴ ശക്തമായി തുടരുമെന്നും അതീവ ജാഗ്രത വേണമെന്നും ഐഎംഡി അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിയാർജിക്കാൻ സാധ്യതയാണുള്ളത്. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. പാലക്കാട് മംഗലം ഡാം തുറന്നു. ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നു. 77.53 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറ് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നത്.
നാളെ ഉച്ചയോടെ മഴയുടെ ശക്തി കുറയും. മറ്റെന്നാള്‍ മുതൽ നേരിയ മഴ മാത്രം. മറ്റന്നാൾ മുതൽ മഴ മുന്നറിയിപ്പ് ഉണ്ടാകില്ല. ആഗോളതാപനം കാരണം മഴയിൽ പുതിയ പ്രവണതയുണ്ടായിരിക്കുന്നത്. ജൂലൈയില്‍ മഴ ശരാശരിയേക്കാൾ കുറവാണ്. ഓഗസ്റ്റിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ ഇപ്പോൾ കുറഞ്ഞ സമയത്ത് കൂടുതൽ മഴ ലഭിക്കുന്ന അവസ്ഥ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകും. എൽ നിനോ പ്രതിഭാസവും ഈ പ്രവണതയ്‌ക്ക് കാരണമാകാം.
അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ.മീ. വരെ ഉയർത്തുമെന്നും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിന്റെ താഴ്‌ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.