തിരുവനന്തപുരം: റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ബാലികയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിന്‍ രാജാണ് നെടുമങ്ങാട് പോക്‌സോ കോടതിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി വ്യാപക തെരച്ചിലിലാണ് പൊലീസ്.
ജാമ്യാപേക്ഷ പരിഗണിക്കവെ, ഇയാള്‍ മുന്‍പ് കാപ്പാ കേസ് പ്രതിയായിരുന്നെന്ന് ബോധ്യപ്പെട്ട് ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റുകയും റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ നിതിന്‍ കോടതി മുറിയില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. പൊലീസിന് പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. അഭിഭാഷകരെ അടക്കം തട്ടിമാറ്റി ഇയാള്‍ രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
















