തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ സർക്കാർ തീരുമാനം. അപകടകാരികളായ നായ്‌ക്കളെ ദയാവധം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായുള്ള പ്രാഥമിക മാര്‍ഗരേഖ സർക്കാർ തയ്യാറാക്കി.
മൃഗസ്നേഹികളുടെ എതിർപ്പ് ഉയരുകയാണെങ്കിൽ പരിഹാരം കാണാൻ വിവിധതലങ്ങളിലുള്ള ചർച്ചകൾ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ നഗരസഭകളുമായി ബന്ധപ്പെട്ടാകും വിശദചർച്ചകൾ നടക്കുക. പദ്ധതി ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കും. ഏതൊക്കെ നായ്‌ക്കളെയാണ് കൊല്ലേണ്ടതെന്ന് ഈ സമിതികളായിരിക്കും തീരുമാനിക്കുക. ഇതിനുപുറമെ, തെരുവുനായ്‌ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തുവാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
വീടുകളില്‍ രണ്ടിലധികം നായ്‌ക്കളെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയെ ‘സ്‌മോള്‍ ഷെല്‍ട്ടര്‍’ ആയി പരിഗണിക്കാനും ഇതിനായി പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ തെരുവുനായ്‌ക്കള്‍ക്ക് പരസ്യമായി ഭക്ഷണം നല്‍കുന്നതിനും വ്യക്തമായ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുത്തും.
നിലവിൽ സംസ്ഥാനത്ത് ഒൻപതു ലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്കുകൾ. അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ കഴിഞ്ഞ മെയ് 19നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റത്. 122 പേർ അഞ്ചുവർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്.
















