തിരുവനന്തപുരം: ആയുര്‍വേദത്തിന്റെയും പ്രകൃതിചികിത്സയുടെയും ദീര്‍ഘകാല പാരമ്പര്യം യുകെയിലേക്ക് എത്തിക്കുന്നതിന് കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഭാരതത്തിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുതാപ ചൗധരി.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഇപ്പോഴും വലിയൊരു തൊഴില്‍ദാതാവാണ്. മലയാളികളായ നഴ്‌സുമാരുടെ സേവന പാരമ്പര്യവും അവരുടെ മികവും വളരെ പ്രശസ്തവുമാണെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സുതാപ. മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ വകുപ്പു മന്ത്രിമാരേയും സന്ദര്‍ശിച്ചു.
ഭാരതവും ബ്രിട്ടണും ഒപ്പുവച്ച വ്യാപാര കരാര്‍ ലക്ഷ്യബോധമുള്ളതും സമഗ്രവുമാണെന്നും സുതാപ പറഞ്ഞു. ബ്രിട്ടീഷ് സര്‍വ്വകലാശാലകളുടെ ശാഖകള്‍ രാജ്യത്തുടനീളം ആരംഭിക്കുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഗുരുഗ്രാമില്‍ യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടണ്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു തുടങ്ങി. കേരളത്തിലും വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ എന്നിവരും സുതാപ ചൗധരിക്കൊപ്പം ഉണ്ടായിരുന്നു.
ടിസിസിഐയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ് (ജോജി), വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















