തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയില്‍ വച്ച് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഗണ്‍മാന്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്. കെ.പി.തോംസണ്‍, സുനില്‍രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അന്വേഷിച്ച മൂന്നു ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്. ഇത് പ്രകാരമാണ് എഡി ജി പി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതിനാല്‍ വകുപ്പ്തല അന്വേഷണം വേണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്‌ക്കുള്ളില്‍ ഡിജിപി തീരുമാനിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.
















