
Mullaperiyar Dam. File photo: Manorama
കട്ടപ്പന: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷക്കാലത്ത് പോലും പ്രകടമായിരിക്കുന്ന ഇടുക്കിയിലെ കാര്യമായ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടിയേകിയിരിക്കുകയാണ്.
സമീപ ജില്ലയായ തേനി ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ഇതുവരെ ആശ്രയിച്ചിരുന്നത് മുല്ലപ്പെരിയാറിലെ ജലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലും വയനാട്ടിലും ആണ്. ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 112 അടിയായി തുടരുകയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം ജലനിരപ്പ് 135 അടി പിന്നിട്ടിരുന്നു.
മുല്ലപ്പെരിയാറില്‍ നിന്നും തുറന്നു വിടുന്ന ജലം ഉപയോഗിച്ച് ലോവര്‍ ക്യാമ്പില്‍ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം വൈഗ അണക്കെട്ടിലും മറ്റും സംഭരിച്ചാണ് കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും ഉപയോഗിച്ചുവരുന്നത്. മഴ കുറവ് മൂലം 76 അടിയോളം സംവരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് പകുതിയായി കുറഞ്ഞിരിക്കുന്നതിനാല്‍ നിലവില്‍ കുടിവെള്ള ആവശ്യത്തിന് മാത്രമാണ് ഇവിടെ നിന്നും വെള്ളം തുറന്നു വിടുന്നത്.
ഓണവിപണി ലക്ഷ്യമിട്ട് എല്ലാവര്‍ഷവും തമിഴ്‌നാട്ടിലെ തേനി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വന്‍തോതില്‍ ആണ് പച്ചക്കറികളും പൂക്കളും ഒക്കെ കൃഷി ചെയ്തുവരുന്നത്. വെള്ളത്തിന്റെ അഭാവം ഇത്തവണ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനാല്‍ പച്ചക്കറികളുടെയും പൂക്കളുടെയും ഉല്‍പാദനം ഗണ്യമായി കുറയാനാണ് സാധ്യത.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാണ് വിപണികളില്‍ ഈടാക്കി വരുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണാടക ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികളും പൂക്കളുമാണ് ഓണവിപണിയെ സജീവമാക്കിയ വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണവിപണിയില്‍ പൊള്ളുന്ന വില നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഇതിനാല്‍ ഇത്തവണ സാധാരണക്കാരായ മലയാളികള്‍ക്ക് ഓണാഘോഷം പേരിലൊതുക്കേണ്ടി വന്നേക്കാം.
പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ തുടക്കത്തിലെ തന്നെ പാളുകയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകളുണ്ടെങ്കിലും വര്‍ഷങ്ങളായി അവയൊക്കെ വെറും നോക്കുകുത്തിക്ക് തുല്യമായി മാറിയിരിക്കുകയുമാണ്.