പത്തനംതിട്ട: നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ആഗസ്ത് രണ്ടിന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ആഗസ്ത് മൂന്നിനാണ് നിറപുത്തരി. മൂന്നിന് രാവിലെ നാലുമണിക്ക് ദര്‍ശനത്തിനായി നട തുറക്കും. 5.30ന് പതിനെട്ടാംപടിക്ക് സമീപത്ത് നിന്നും നെല്‍കറ്റകള്‍ ശ്രീകോവിലിന് പ്രദക്ഷിണം ചെയ്ത് മുന്നിലെ മണ്ഡപത്തില്‍ എത്തിക്കും. രാവിലെ 5.40നും 6.20 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. വൈകിട്ട് 6.30ന് പതിനെട്ടാംപടിയില്‍ പടിപൂജ ഉണ്ടാകും. നിറ പുത്തരിയോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10 മണിക്ക് നടയടയ്‌ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്സൈറ്റ് വഴി (www.sabarimalaonline.org) സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.
















