Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികൾക്ക് പിള്ളേരോണം: പിള്ളേരോണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എല്ലാ ഐതിഹ്യങ്ങൾക്കുമപ്പുറം വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാനും ഭക്ഷണം കഴിക്കാനും ഒരു ദിവസം, അ‌തായിരുന്നു പിള്ളേരോണത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം കുട്ടികൾക്കുള്ള ഉച്ചയ്‌ക്കത്തെ സദ്യയാണ്. തിരുവോണത്തിന്റെ അ‌ത്ര പ്രാധാന്യം ഇല്ലെങ്കിലും കുട്ടികളെ സ്നേഹിക്കുന്നവർക്ക് പിള്ളേരോണവും പ്രധാനമാണ്.പിള്ളേരോണം എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ഒന്നല്ല പലതാണ് ഐതിഹ്യങ്ങൾ കാണുന്നത്. തൃക്കാക്കരയപ്പൻ മുതൽ സാമൂതിരി വരെ നീണ്ടുകിടക്കുന്നു അ‌വ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നാണ് ഒരു പക്ഷം.

ബാലനായ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തിയും പിള്ളേരോണം ആഘോഷിക്കാറുണ്ട്. തങ്ങൾക്കിടയിലെ ഉണ്ണിക്കണ്ണന്മാരായ പിഞ്ചുകുഞ്ഞുങ്ങളെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനുമാണ് പിള്ളേരോണം ആഘോഷിക്കുന്നതെന്നാണ് ആ ഐതിഹ്യം.പിള്ളേരോണമായ കർക്കിടകത്തിലെ തിരുവോണ ദിവസം തന്നെയാണ് ആവണി അ‌വിട്ടവും. ഈ ദിവസമാണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവൽസരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ.