
കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കും രണ്ട് ഓണ്‍ലൈന്‍ ലേഖകര്‍ക്കുമെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയെ സമീപിച്ചു.
ജൂണ്‍ 26 ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലക്ഷ്മി പ്രിയയുടെ അഭിമുഖത്തിന്റെ ടീസറില്‍ തനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്‍സിബ പറയുന്നു. അഭിമുഖം പുറത്തിറങ്ങിയാല്‍ തന്‌റെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്ത ഹാനി ഉണ്ടാകുമെന്ന ഭയത്താല്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഉടന്‍ അറിയിക്കുകയും അഭിമുഖത്തിന്റെ പൂര്‍ണ്ണമായ പ്രസിദ്ധീകരണം തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്നുതന്നെ പൂര്‍ണ്ണ വീഡിയോ പുറത്തുവന്നു. തുടര്‍ന്ന് പോലീസില്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.