Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ടി20 ലോകകപ്പ് 2026ൽ ഇന്ത്യയുടെ ഹീറോയായി മാറി രാജ്യത്തെ ലോകകിരീടത്തിലേക്ക് നയിച്ചതോടെ ഓപ്പണിംഗ് സ്ഥാനം സഞ്ജു സാംസണിന്റെ കൈകളിൽ ഭദ്രമായി എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ലോകകപ്പ് കഴിഞ്ഞ് നാല് മാസങ്ങൾ പിന്നിടുമ്പോൾ സഞ്ജു സാംസൺ വീണ്ടും ദേശീയ ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ്. ലോകകപ്പിന് തൊട്ടുമുമ്പ് തന്റെ ബാറ്റിംഗ് ഫോം മോശമായിരുന്ന സമയത്ത് തന്നെ ദേശീയ ടീം സെലക്ഷന് പിന്നാലെയുള്ള ഓട്ടം താൻ അവസാനിപ്പിച്ചിരുന്നുവെന്ന് 31കാരനായ സഞ്ജു ഇപ്പോൾ വെളിപ്പെടുത്തുന്നു.

“നമ്മുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി ഒരു മത്സര ഓട്ടം തുടരെ നടക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു, 2026 ടി20 ലോകകപ്പിന് മുമ്പ് തന്നെ ഇതിന്റെ ഭാഗമാകേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. കളി ആസ്വദിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ദൈവാനുഗ്രഹത്താൽ എനിക്ക് ഒരുപാട് കാര്യങ്ങൾ നേടാൻ കഴിഞ്ഞു. എനിക്കിപ്പോൾ 31 വയസ്സായി. ഇനി ഏതാനും വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതിനാൽ എന്റെ സ്വന്തം നിലപാടുകളിൽ കളി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ഇനി എന്നോട് ആരും പറയില്ല. സഞ്ജുവിനായി കാര്യങ്ങൾ തീരുമാനിക്കുന്നത് സഞ്ജു തന്നെയായിരിക്കും,” ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

തന്റെ പ്രൊഫഷണൽ കരിയറിന്റെ ബാക്കി ഭാഗം സ്വന്തം നിബന്ധനകൾക്ക് വിധേയമായി കളിക്കുമെന്ന് വെളിപ്പെടുത്തിയ സഞ്ജു, 2026 ലോകകപ്പിലെ നേട്ടങ്ങൾ തനിക്ക് പൂർണ്ണ തൃപ്തി നൽകിയെന്നും കൂട്ടിച്ചേർത്തു.

“എല്ലാ ആദരവോടെയും പറയട്ടെ, ഞാൻ കളിക്കും കളി ആസ്വദിക്കും നല്ലൊരു ടീമംഗമായിരിക്കും ടീമിനെ പിന്തുണയ്‌ക്കുകയും ചെയ്യും എന്നാൽ അത് എന്റെ രീതിയിലായിരിക്കും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ ഞാൻ 14 അല്ലെങ്കിൽ 15 അംഗ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ എനിക്ക് എങ്ങനെ 2028ലേക്ക് ആസൂത്രണം ചെയ്യാൻ കഴിയും? ഞാൻ അവിടെയുണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, കാര്യങ്ങൾ തനിയെ ശരിയാകും. ഇല്ലെങ്കിൽ തന്നെയും ഞാൻ തികച്ചും നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല,” സഞ്ജു വ്യക്തമാക്കി.