കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും കോക്രോച്ച് പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ പ്രക്ഷോഭം അവസാനിച്ചിരിക്കുകയാണല്ലോ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തു. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍ക്കാര്‍ നടപടിയെടുക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുകയും ഉണ്ടായി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് ഉത്തരവാദികളായ ആളുകളെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് നിയമമാക്കാനുള്ള നടപടി എടുത്തുവരികയുമാണ്. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ മനംനൊന്ത് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
നീറ്റ് പ്രവേശന പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് രാജ്യത്തെ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കപ്പെടുത്തി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും സ്വപ്‌നങ്ങളും പ്രത്യാശയും ഈ പരീക്ഷയെ ആശ്രയിച്ചിരിക്കുന്നു. ഇത്രയും നിര്‍ണായകമായ ഒരു ദേശീയ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ഏതൊരു ആരോപണവും വെറും ഭരണപരമായ വീഴ്ച മാത്രമല്ല. അത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നതാണ്. അതേസമയം ഇത്തരം ചോദ്യ പേപ്പര്‍ ചോര്‍ച്ച ആദ്യമായല്ല സംഭവിക്കുന്നതെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ഇതിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെയും വിദ്യാഭ്യാസ മന്ത്രിയെയും ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതു രാഷ്‌ട്രീയ പ്രേരിതമാണ്. ഇപ്പോഴത്തെ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പറയപ്പെടുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന ഝാര്‍ഖണ്ഡിലുമായിരുന്നു. ഈ വസ്തുതകളൊക്കെ സമര്‍ത്ഥമായി മറച്ചുപിടിച്ചു കൊണ്ടാണ് ചിലര്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
ഇത്തരമൊരു സാഹചര്യത്തില്‍, ഏതൊരു സര്‍ക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്വം നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കുകയും, ഉത്തരവാദികളെ കര്‍ശനമായി ശിക്ഷിക്കുകയും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. വീഴ്ച വരുത്തുകയോ കുറ്റം ചെയ്യുകയോ ചെയ്തിട്ടുള്ള ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു.
നീറ്റ് വിവാദത്തെച്ചൊല്ലി പൊതുജനങ്ങളില്‍ ഉയര്‍ന്ന ആശങ്കയും പ്രതിഷേധവും രാഷ്‌ട്രീയത്തിന്റെ ഭാഗമായി മാത്രം കാണേണ്ടതല്ല. നല്ലൊരു ഭാവിക്കുവേണ്ടി പ്രവേശന പരീക്ഷകള്‍ എഴുതുന്നത് രാഷ്‌ട്രീയത്തിനതീതമായ കാര്യമാണല്ലോ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഈ സംഭവത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റു ചില ശക്തികളും രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നു.
നീറ്റ് വിവാദത്തെച്ചൊല്ലി ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിന്റെ കാര്യത്തില്‍ ഗൗരവമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ദല്‍ഹിയില്‍ സമരത്തിന് എത്തിയവരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികള്‍ അല്ലായിരുന്നു എന്നതാണ് ഒരു കാര്യം. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും സുരക്ഷയിലും വിശ്വസിക്കാത്ത മതമൗലികവാദികളും മാവോയിസ്റ്റ് ബന്ധമുള്ള തീവ്രവാദികളും അധികാരക്കൊതി മൂത്ത രാഷ്‌ട്രീയ നേതാക്കളും വിഘടനവാദികളുമൊക്കെ ഇതിന്റെ ഭാഗമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിദ്യാര്‍ത്ഥികളുടെ സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന് സമരത്തിന് നേതൃത്വം കൊടുത്ത കോക്രോച്ച് പാര്‍ട്ടിക്കാര്‍ തന്നെ പറയുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറി സമരം അക്രമാസക്തമാക്കിയവരെ കണ്ടെത്തി പിടികൂടേണ്ടതുണ്ട്. കാരണം ഇവരുടെ ലക്ഷ്യം നീറ്റ് പരീക്ഷയുടെ ശരിയായ നടത്തിപ്പോ വിദ്യാര്‍ത്ഥികളുടെ ഭാവിയോ ഒന്നുമല്ല. അവസരം മുതലാക്കി അരാജകത്വം സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ്.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ്. എന്നാല്‍ ഒരു പ്രതിഷേധത്തിനുള്ള കാരണവുമായി ബന്ധമില്ലാത്ത രാഷ്‌ട്രീയവും ആശയപരവുമായ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും ഉയരുമ്പോള്‍ അതില്‍ അപകടം പതിയിരിക്കുന്നതായി മനസ്സിലാക്കാം. കോക്രോച്ച് പാര്‍ട്ടിക്കാര്‍ നടത്തിയ സമരത്തില്‍ ഇതുണ്ടായി.
എന്തായിരുന്നാലും ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ മറയാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ദുഷ്ടലാക്ക് പാളിപ്പോയിരിക്കുന്നു. സമരം നീണ്ടു പോകണമെന്നും, സംഘര്‍ഷം വ്യാപിക്കണമെന്നും ആഗ്രഹിച്ചവരാണ് ഇക്കൂട്ടര്‍. ഇതിനുള്ള അവസരം കൊടുക്കാതെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാരിന് പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. അതേസമയം ഛിദ്രശക്തികള്‍ ഇതോടെ പിന്മാറുമെന്ന് കരുതാനാവില്ല. ഇവര്‍ക്കെതിരെ നിതാന്തമായ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
















