
വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമേകിയ മഹത്തായ ഗീതം നമ്മുടെ മാതൃഭൂമിയെ പ്രകീര്‍ത്തിക്കുന്നതാണ്. വന്ദേ മാതരം എന്ന രണ്ടു വാക്കുകള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പ്രേരണാ മന്ത്രമായി. ആനന്ദമഠമെന്ന നോവലിലാണ് അതു പ്രസിദ്ധീകരിച്ചത്. ബംഗാള്‍ വിഭജന കാലം മുതല്‍ അത് പ്രസിദ്ധമായി. ബംഗാള്‍ വിഭജനത്തിനെതിരായ സമരമാരംഭിച്ചതു തന്നെ വന്ദേമാതരം മുഴക്കിക്കൊണ്ടാണ്. എല്ലാ വിപ്ലവകാരികളും തൂക്കുകയറിനെ അഭിമുഖീകരിച്ചത് വന്ദേമാതരം മുഴക്കിക്കൊണ്ടായിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ വന്ദേമാതരം മുഴക്കിയതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈ മന്ത്രം കേട്ടാല്‍ ബ്രിട്ടീഷുകാര്‍ രോഷംകൊള്ളുമായിരുന്നു. അവര്‍ ആ ഗീതം പാടുന്നത് നിരോധിച്ചു.
മഹാരാജാസിലെ വന്ദേമാതരം
വന്ദേമാതരത്തിന്റെ ശതാബ്ദി 1976 ല്‍ ആഘോഷിച്ചതിന്റെ ഓര്‍മ്മ ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. അടിയന്തരാവസ്ഥ കാലഘട്ടമായിരുന്നു. വന്ദേ മാതരമെന്ന് ഉച്ചരിച്ചാല്‍ അന്നും അകത്തു പോകേണ്ടിവരുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു കെ.ആര്‍. ഉമാകാന്തന്‍, എന്‍.സി.ഇന്ദുചൂഡന്‍, അശോക് ഗാര്‍ഗലേക്കര്‍ പിന്നെ ഞാനും. അന്ന് കോളജില്‍ എബിവിപിയുടെ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. വന്ദേമാതരത്തിന്റെ ശതാബ്ദി ആഘോഷിക്കണമെന്നുള്ള നിര്‍ദ്ദേശം വന്നു. വിവേകാനന്ദ വിദ്യാര്‍ത്ഥി സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താമെന്നു തീരുമാനിച്ചു. ആര്‍എസ്എസിനോട് അനുഭാവമുള്ള മറ്റു വിദ്യാര്‍ത്ഥികളെ രഹസ്യമായി അറിയിച്ചു. എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള മാതാ ടൂറിസ്റ്റ് ഹോമിലെ ഒരു മുറിയില്‍ വച്ചായിരുന്നു അതു നടന്നത്. മറ്റു കോളജുകളില്‍ നിന്നും കുറച്ചു വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. അന്നു പ്രഭാഷണം നടത്തിയത് ഏ. ആര്‍. മോഹനനായിരുന്നു. സ്വാതന്ത്ര്യമില്ലാത്ത സമയത്ത് വന്ദേമാതരം ആഘോഷിക്കാമെങ്കില്‍ ഈ കാലഘട്ടത്തില്‍ എന്തുകൊണ്ട് അതായിക്കൂടാ എന്നതായിരുന്നു ചിന്ത.
ലോക്‌സഭയില്‍ വന്ദേമാതരത്തെക്കുറിച്ച് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നവല്ലോ. അതിന്റെ പൂര്‍ണ്ണ രൂപം പ്രധാനമന്ത്രി നരേന്ദ്ര മോദി ആലപിച്ചു. ഇത്രയും പ്രാധാന്യം അതിനു ലഭിക്കുമ്പോള്‍ നാടെങ്ങും അത് ആഘോഷിക്കണ്ടേ? ഈ ആശയം തപസ്യ കലാസാഹിത്യ വേദിയുടെ നിര്‍വ്വാഹക സമിതിയുടെ മുന്‍പില്‍ വച്ചു. അത് ഭാരതീയ വികാസ് പരിഷത്ത് ചെയ്യേണ്ടതല്ലേയെന്ന അഭിപ്രായം വന്നു. അതു ശരിയായിരുന്നു, ഭാരത് വികാസ് പരിഷത്ത് എല്ലാവര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്കായി വന്ദേമാതര ആലാപന മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. എങ്കില്‍ അവരെയും കൂട്ടാമല്ലോ എന്ന അഭിപ്രായമുയര്‍ന്നു. അങ്ങനെ തപസ്യയും വികാസ് പരിഷത്തും ഭാരതീയ വിചാരകേന്ദ്രവും ബാലഗോകുലവും ഒരുമിച്ചു ചിന്തിച്ചു. പ്രധാന അതിഥി ആരാകണമെന്നായി ചര്‍ച്ച. അതവസാനിച്ചത് ആദരണീയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിലായിരുന്നു. ഉടനെ തന്നെ തപസ്യയുടെ സംസ്ഥാന സെക്രട്ടറി കെ.സതീശ് ബാബു ഗവര്‍ണറുടെ സെക്രട്ടറി ഹരി എസ്. കര്‍ത്തയെ വിളിച്ചു വിവരം പറഞ്ഞു. അനുകൂലമായി പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് ഒരു കത്തയക്കാന്‍ ആവശ്യപ്പെട്ടു. ആ ചുമതല എന്നില്‍ നിക്ഷിപ്തമായി.
അടുത്ത ദിവസം ഹരി എസ്. കര്‍ത്തയ്‌ക്ക് ഞാന്‍ ഒരു ശബ്ദസന്ദേശം അയച്ചു. എനിക്ക് തിരുവനന്തപുരത്തുള്ളപ്പോള്‍ മുതലുള്ള സൗഹൃദമാണ്. ഉടനെ തന്നെ വിളി വന്നു. ഞാന്‍ വിവരങ്ങള്‍ ഗവര്‍ണറോട് പറഞ്ഞു. അനുകൂലമായി പ്രതികരിച്ചു. മാത്രമല്ല, കേരളത്തില്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ പരിപാടിയൊന്നും നടന്നിട്ടില്ലെന്നും, ഇത് ഒരു നല്ല പരിപാടിയാക്കി നടത്തണമെന്നും ഹരി എസ്. കര്‍ത്ത പറഞ്ഞു. തീര്‍ച്ചയായും ഗവര്‍ണറെ അതില്‍ പങ്കെടുപ്പിക്കാമെന്നും ഉറപ്പു തന്നു.
വിശദവിവരങ്ങള്‍ കാണിച്ച് ഗവര്‍ണര്‍ക്കു ഞാന്‍ കത്തയച്ചു. അതിന്റെ കോപ്പി ഹരി എസ്.കര്‍ത്തയ്‌ക്കും അയച്ചു. ആ സമയം ഗവര്‍ണര്‍ ദല്‍ഹിയിലായിരുന്നു. ഗവര്‍ണര്‍ വന്നിട്ട് വിവരം അറിയിക്കാമെന്ന് ഹരിയേട്ടന്‍ പറഞ്ഞു.
സ്വാഗതസംഘം നിലവില്‍ വന്നു
തൃപ്പൂണിത്തുറയിലെ മുന്‍ നഗര്‍ സഹസംഘചാലക് ജയന്തനുമായി സംസാരിച്ചു. വികാസ് പരിഷത്ത്, വിചാരകേന്ദ്രം, ബാലഗോകുലം ഈ സംഘടനകളുമായും ആലോചിച്ചു. ജനുവരി അഞ്ചിന് സ്വാഗത സംഘം യോഗം ചേര്‍ന്നു. തൃപ്പൂണിത്തുറയിലെ പ്രമുഖരായ വ്യക്തികള്‍ പങ്കെടുത്തു. വിദ്യാനികേതന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും അദ്ധ്യാപികമാരും സന്നിഹിതരായി. ഇത് ഒരു നല്ല തുടക്കമായിരുന്നു. അങ്ങനെ വന്ദേമാതരം സാര്‍ദ്ധശതി ആഘോഷ സമിതി നിലവില്‍വന്നു.
പരിപാടി എങ്ങനെ ഗംഭീരമാക്കാമെന്ന് ധാരാളം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടികള്‍ അവതരിപ്പിക്കുന്ന വന്ദേ മാതരത്തിന്റെ ഒരു ഫ്‌ളാഷ് മോബ്. വന്ദേ മാതരത്തിന്റെ ഒരു നൃത്താവിഷ്‌കാരം. പാലച്ചുവടിലെ വ്യാസവിദ്യാലയം ഫ്‌ളാഷ് മോബ് ചെയ്യാമെന്നേറ്റു. സ്‌കൂള്‍ കുട്ടികളുടെ വന്ദേ മാതര ഗീതമത്സരം നടത്തുവാന്‍ തീരുമാനിച്ചു. ഗവര്‍ണറുടെ പരിപാടി സ്റ്റാച്ചുവിലുള്ള ശാസ്താ മന്ദിറില്‍ നടത്താമെന്നും തീരുമാനമായി.
ഫെബ്രുവരി 6, 7 തീയതികളിലായാണ് പരിപാടി തീരുമാനിച്ചിരുന്നത്. അതനുസരിച്ചാണ് ഗവര്‍ണര്‍ക്കു കത്തയച്ചത്. മറ്റൊരു ദിവസമായാലും മതിയെന്നു ഹരിയേട്ടനോടു പറഞ്ഞിരുന്നു. സംഘത്തിന്റെ ഉന്നത ചുമതലയുള്ള ഒരാളെ പങ്കെടുപ്പിക്കണമെന്ന ആഗ്രഹമുണ്ടായി. പ്രാന്ത പ്രചാരക് സുദര്‍ശന്‍ജിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ഒരു പേരും സൂചിപ്പിച്ചു. ഗവര്‍ണറുടെ ഉറപ്പു കിട്ടിയിട്ടു മതിയെന്നും പറഞ്ഞു.
ദിവസങ്ങള്‍ നീണ്ടു പോകുന്നു. ഗവര്‍ണര്‍ ദല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിയെങ്കിലും ലോക് ഭവനില്‍ വന്നിട്ടില്ല. ഒരു ദിവസം ഹരിയേട്ടനെ വിളിച്ചു. ഗവര്‍ണര്‍ വരാമെന്നു സമ്മതിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതിനിടയില്‍ പല യോഗങ്ങള്‍ നടന്നു. പരിപാടിയുടെ സാമ്പത്തികം പ്രധാന കാര്യമാണല്ലോ. സാര്‍ദ്ധശതി ആഘോഷസമിതിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ ഒരു അക്കൗണ്ടു തുറന്നു. ഒരു ക്യുആര്‍ കോഡും സംഘടിപ്പിച്ചു. സമിതിയുടെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ ഇട്ടു. ഉടനെ തന്നെ ചെറിയ ചെറിയ തുകകള്‍ എത്തിത്തുടങ്ങി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രമുഖ ബാങ്കുകള്‍ക്കും ഒരു നിവേദനം നല്‍കി. എല്ലാവരില്‍ നിന്നും അനുകൂലമായ പ്രതികരണമുണ്ടായി.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ഒരു ദിവസം, ഹരി എസ്. കര്‍ത്തയുടെ വിളി വന്നു. ഗവര്‍ണര്‍ പങ്കെടുക്കും പക്ഷേ, ഫെബ്രുവരി രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് ആയിരിക്കും. അത് തിങ്കളാഴ്‌ച്ചയാണല്ലോ. അംഗീകരിക്കാതെ നിവൃത്തിയില്ല.
എല്ലാവരേയും അറിയിച്ചു. എല്ലാവരും അംഗീകരിച്ചു. അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഉടന്‍ യോഗം ചേര്‍ന്നു. എല്ലാവരും പരിപാടി ഗംഭീരമാക്കാനുള്ള ആവേശത്തിലായി. കുട്ടികളുടെ വന്ദേ മാതര ആലാപന മത്സരം ജനുവരി 30 നും ഫ്‌ളാഷ് മോബ് ജനുവരി 31നും നടത്താന്‍ തീരുമാനമായി. ഫെബ്രുവരി രണ്ടിനുള്ള പരിപാടിയുടെ വിശദമായ ചര്‍ച്ചയും നടന്നു.
ക്യാപ്റ്റന്‍ എസ്. ഗോപാലകൃഷ്ണന്‍ നടത്തുന്ന മൃദുലസ്പര്‍ശം എന്ന സ്ഥാപനത്തിലെ ദിവ്യാംഗരായ കുട്ടികള്‍ ചെണ്ടമേളത്തോടെ ഗവര്‍ണറെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു. തമിഴ് ബ്രാഹ്‌മണരുടെ മഠത്തില്‍ സമൂഹം ഗവര്‍ണറെ പൂര്‍ണകുംഭത്തോടെ ആനയിക്കാമെന്നും അറിയിച്ചു.
വന്ദേ മാതരത്തിന്റെ നൃത്താവിഷ്‌കാരം പ്രശസ്ത കഥകളി കലാകാരിയായ അഡ്വ. രഞ്ജിനിയും ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ മോഹിനിയാട്ടം വിഭാഗത്തിന്റെ മേധാവിയായ ഡോ. ശാലിനി ഹരികുമാറും അവതരിപ്പിക്കാമെന്നേറ്റു.
ഗവര്‍ണറുടെ പരിപാടിയെക്കുറിച്ച് സുദര്‍ശന്‍ജിയോടു പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി പങ്കെടുക്കുമെന്നു സുദര്‍ശന്‍ജി അറിയിച്ചു. അങ്ങനെ എല്ലാ ഒരുക്കങ്ങളും നടന്നു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി ഒരു മണിക്കൂറില്‍ ഒതുക്കണം. ആ പരിപാടി എങ്ങനെ വേണമെന്ന് ലോക് ഭവനില്‍ നിന്നും നിര്‍ദ്ദേശം വന്നു. ആരൊക്കെ വേദിയിലിരിക്കണമെന്നുള്ള നിര്‍ദ്ദേശവുമെത്തി. അതനുസരിച്ചുള്ള സമയക്രമം തയ്യാറാക്കി ലോക് ഭവനിലേക്ക് അയച്ചു. ചില തിരുത്തലുകള്‍ വരുത്തി അത് അംഗീകരിച്ചു.
വന്ദേമാതര മത്സരവും ഫ്‌ളാഷ് മോബും
ജനുവരി 30 ന് സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള വന്ദേ മാതര ആലാപന മത്സരം നടന്നു. തൃപ്പൂണിത്തുറയിലെ ലായം റോഡിലുള്ള സീതാറാം കലാമന്ദിറില്‍വച്ചായിരുന്നു. എട്ട് സ്‌കൂളുകളില്‍ നിന്നും 48 കുട്ടികള്‍ പങ്കെടുത്തു. വന്ദേ മാതരം പൂര്‍ണമായും പാടണമെന്നായിരുന്നു നിബന്ധന. തിരുവാങ്കുളത്തെ ഭവന്‍സ് മുന്‍ഷി വിദ്യാശ്രം ഒന്നാംസ്ഥാനം കരസ്ഥമാക്കി. തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം രണ്ടാം സ്ഥാനവും, എരൂരിലെ ഭവന്‍സ് വിദ്യാഭവന്‍ മൂന്നാം സ്ഥാനവും നേടി.
ഫ്‌ളാഷ് മോബ് ജനുവരി 31 ന് അരങ്ങേറി. വ്യാസവിദ്യാലയത്തിലെ 19 കുട്ടികള്‍ ഏ. ആര്‍. റഹ് മാന്റെ വന്ദേ മാതര ഗാനത്തിനനുസരിച്ചു ചുവടുകള്‍ വച്ചു. വ്യാസവിദ്യാലയത്തിലെ നിഷ ടീച്ചറും അവിടത്തെ പ്രിന്‍സിപ്പല്‍ രാജേശ്വരി ടീച്ചറും മറ്റു ടീച്ചര്‍മാരും സജീവമായി പങ്കെടുത്തു. തപസ്യയുടെ കെ. സതീശ് ബാബു പേട്ടയില്‍ ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു. വടക്കെ കോട്ട, എസ്.എന്‍. ജംഗ്ഷന്‍, കിഴക്കെ കോട്ട, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബ് സ്റ്റാച്ച്യു ജംഗ്ഷനില്‍ സമാപിച്ചു. സ്റ്റാച്ച്യു ജംഗ്ഷനില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യകാരി സദസ്യന്‍ ഏ. ആര്‍. മോഹനന്‍ അഭിസംബോധന ചെയ്തു. എല്ലാ സ്ഥലങ്ങളിലും വളരെയധികം ജനശ്രദ്ധ നേടുവാന്‍ ഇതിനു സാധിച്ചു.
ഫെബ്രുവരി ഒന്ന് രാത്രി സുദര്‍ശന്‍ജിയുടെ ഫോണ്‍കോള്‍ വന്നു. ഗവര്‍ണര്‍ വരുന്നു, പ്രദീപ് ജോഷി വരുന്നു. ഇത്രയും വലിയൊരു പരിപാടി നടക്കുന്നതിന്റെ അനക്കങ്ങളൊന്നും കാണാനില്ലല്ലോയെന്ന് ആശങ്കപ്പെട്ടു. ആശങ്ക വേണ്ട, എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് അറിയിച്ചു.
ഫെബ്രുവരി രണ്ടിന് രാവിലെ മുതല്‍ തന്നെ ശാസ്താ മന്ദിറില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. പോലീസുകാരുടെ അന്വേഷണങ്ങളും നിര്‍ദ്ദേശങ്ങളും വന്നു തുടങ്ങി. എല്ലാ സജ്ജീകരണങ്ങളും നടക്കുന്നതിനിടെ ദേശഭക്തി ഗാനത്തിന്റെ പരിശീലനം നടന്നു. ഒരു ഭാഗത്ത് കഥകളിയുടെ വേഷമിടല്‍ നടക്കുന്നു. ഉച്ചതിരിഞ്ഞതോടെ ആളുകളെത്തിത്തുടങ്ങി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ എല്ലാവരും നേരത്തെ സഭാഗൃഹത്തില്‍ പ്രവേശിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. തൃപ്പൂണിത്തുറയിലെ പൗരപ്രമുഖര്‍ പലരും സന്നിഹിതരായി. സഭാഗൃഹം തിങ്ങിനിറഞ്ഞു. പലര്‍ക്കും ഇരിക്കാന്‍ കസേര തികഞ്ഞില്ല. എല്ലാവരും ഗവര്‍ണറുടെ വരവിനായി കാത്തിരുന്നു.
ബങ്കിം ചന്ദ്രന്റെ പ്രതിഷേധം
കൃത്യം നാല് മണിയോടെ ഗവര്‍ണര്‍ എത്തിച്ചേര്‍ന്നു. ദിവ്യാംഗരായ കുട്ടികളുടെ ചെണ്ടമേളം നടന്നു. ഗവര്‍ണര്‍ കൗതുകത്തോടെ വീക്ഷിച്ചു. പൂര്‍ണ്ണ കുംഭം നല്‍കിയും വേദമന്ത്രോച്ചാരണത്തോടെയും ഗവര്‍ണറെ സ്വീകരിച്ചു. ദിവ്യാംഗരായ കുട്ടികള്‍ ഗവര്‍ണര്‍ക്കൊപ്പം നിന്നു ഫോട്ടോയെടുത്തു.
വേദിയിലേക്കെത്തിയ ഗവര്‍ണറെ പ്രദീപ് ജോഷിയും അദ്ധ്യക്ഷന്‍ എം. ആര്‍. എസ്. മേനോനും തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷന്‍ അഡ്വ. പി.എല്‍. ബാബുവും ജയന്തന്‍ നമ്പൂതിരിപ്പാടും അനുഗമിച്ചു. ഗവര്‍ണറും മറ്റുള്ളവരും വേദിയില്‍ എത്തിയതോടെ കുട്ടികള്‍ ദേശീയഗാനം ആലപിച്ചു. അതിനു ശേഷം നിലവിളക്കു കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കുട്ടികള്‍ വന്ദേമാതരം ആലപിച്ചു.
ജയന്തന്റെ സ്വാഗതത്തിനു ശേഷം തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ. പി.എല്‍. ബാബു ആശംസകളര്‍പ്പിച്ചു. മുഖ്യപ്രഭാഷണം നടത്തിയ പ്രദീപ് ജോഷി വന്ദേമാതരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു വിശദീകരിച്ചു: ”വന്ദേമാതരം വെറുമൊരു ഗീതം മാത്രമല്ല, സമൂഹത്തിനു പ്രേരണാദായകമായ ഗീതമാണ്. ഇന്നും അങ്ങനെ തന്നെയാണ്. വേനലില്‍ വിണ്ടുകീറി പിളര്‍ന്നുപോകുന്ന ഭൂമി മഴ പെയ്തു വെള്ളം കയറി ഒന്നാകുന്നതുപോലെ വന്ദേ മാതരം സമൂഹത്തിലെ ഭിന്നിപ്പിനെയകറ്റി ഒന്നാകുവാന്‍ പ്രേരിപ്പിച്ചു.
”ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ വിദ്യാസമ്പന്നനും മജിസ്ട്രേറ്റുമായിരുന്നു. ലോകത്തെക്കുറിച്ച് ധാരണയുള്ളയാളുമായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് ഭരണം വളരെ കര്‍ക്കശമായി. അവരുടെ ലക്ഷ്യങ്ങള്‍ മൂന്നായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം വിപുലീകരിക്കുക, ഇവിടുത്തെ സമ്പത്ത് കടത്തിക്കൊണ്ടുപോകുക, അവരുടെ മതത്തിനെ ഇവിടെ പരിപോഷിപ്പിക്കുക. അവര്‍ നമ്മുടെ സ്വധര്‍മ്മത്തെയും സ്വശിക്ഷയേയും സ്വരാജ്യത്തേയും നശിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളെ കൂടുതല്‍ നികുത്തി ചുമത്തുന്നതിനുള്ള അവസരങ്ങളാക്കി. നമ്മുടെ സമാജത്തെ പലതലങ്ങളില്‍ അവര്‍ വിഭജിച്ചു. അവര്‍ നമ്മുടെയുള്ളില്‍ അപകര്‍ഷതാബോധം വളര്‍ത്തി.
”ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ ബങ്കിം ചന്ദ്രന്‍ എന്തുകൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നൊരു ലേഖനം എഴുതി. ദേശീയതയെ സൂക്ഷമമായി വിശകലനം ചെയ്തു. ബ്രിട്ടീഷുകാര്‍ നടത്തുന്ന കൊള്ളയെയും അനുതാപമില്ലാത്ത അവരുടെ സംസ്‌കാരത്തെയും ചൂണ്ടിക്കാട്ടി. നാലു കാര്യങ്ങള്‍ നമുക്കാവശ്യമാണെന്ന് പറഞ്ഞു. ആത്മ പ്രീതി, സജ്ജനപ്രീതി, സ്വദേശി പ്രീതി, ജഗത് പ്രീതി. ഇതില്‍ ധര്‍മ്മ സംരക്ഷണത്തിനായി ദേശ പ്രീതി ആവശ്യമാണ്. ഈ ചിന്തയില്‍ നിന്നാണ് വന്ദേ മാതരം എന്ന ഗാനം ബങ്കിം ചന്ദ്രന്റെ തൂലികയില്‍ നിന്നു പിറന്നത്. അത് രാഷ്‌ട്ര മന്ത്രമായിത്തീര്‍ന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് ദേശാഭിമാനികള്‍ ഇത് ഉദ്ഘോഷിച്ചു. ഇപ്പോള്‍ ഭാരതം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ വന്ദേമാതരത്തിന് കഴിയും.” ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കാന്‍ വന്ദേ മാതരം പ്രേരണയായിത്തീരട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് പ്രദീപ് ജോഷി പ്രഭാഷണം അവസാനിപ്പിച്ചത്.
ഇതിനു ശേഷം കുട്ടികള്‍ക്കുള്ള സമ്മാനദാനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. പ്രിയ സഹോദരീ സഹോദരന്മാര്‍ക്ക് നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതിനു ശേഷമാണ് ഇംഗ്ലീഷില്‍ പ്രഭാഷണം നടത്തിയത്.
വികസിത ഭാരതത്തിന്റെ വിജയമന്ത്രം
വന്ദേ മാതരം ഒരു ഗീതം മാത്രമല്ല. അത് ഒരു പ്രേരണാ മന്ത്രമാണ്. അതിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്നത്. സ്വാതന്ത്ര്യം നേടിത്തരുവാന്‍ വന്ദേ മാതരത്തിനു സാധിക്കുമെങ്കില്‍ വികസിത ഭാരതം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനും അതിനു സാധിക്കും. ആത്മനിര്‍ഭര്‍ ഭാരത് എന്നത് പ്രധാനമന്ത്രിയുടെ മാത്രം സ്വപ്നമല്ല. നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. നാമോരോരുത്തരും അതില്‍ പങ്കാളികളാകണം. സ്വദേശി ശീലിക്കണം. വന്ദേ മാതരം വികസിത ഭാരതത്തിനായുള്ള കാല്‍വെപ്പിന് പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് ഗവര്‍ണര്‍ പ്രഭാഷണം അവസാനിപ്പിച്ചത്. ഗവര്‍ണര്‍ക്കും പ്രദീപ് ജോഷിക്കും സമിതിയുടെ ഉപഹാരങ്ങള്‍ നല്‍കി. രമേശ് ലക്ഷ്മണന്റെ (എം.എല്‍.രമേശ്) കൃതജ്ഞതയ്‌ക്കും ദേശീയഗാനത്തിനും ശേഷം പരിപാടി അവസാനിച്ചു.
വേദിയില്‍ നിന്നും താഴെയിറങ്ങിയ ഗവര്‍ണര്‍ അവിടെയുണ്ടായിരുന്നവരോട് കുശലാന്വേഷണങ്ങള്‍ നടത്തി. വീല്‍ ചെയറിലിരുന്നിരുന്ന ദിവ്യാംഗയായ ധന്യയെ ഗവര്‍ണര്‍ പരിചയപ്പെട്ടു. ധന്യ തന്റെ ഇച്ഛാശക്തികൊണ്ട് ശാരീരിക വൈകല്യങ്ങളെ മറികടന്ന വ്യക്തിയാണ്. ഭക്തിഗാന രചനാരംഗത്ത് സജീവമാണ്. ധന്യ എഴുതിയ ഗാനങ്ങള്‍ അയച്ചുതരണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. പത്മശ്രീ സദനം ബാലകൃഷ്ണനും പത്നിയും സദസ്സിലുണ്ടായിരുന്നു. അവരോടും ഗവര്‍ണര്‍ വിശേഷങ്ങള്‍ ചോദിച്ചു. വന്ദേ മാതരം സാര്‍ദ്ധശതി ആഘോഷ സമിതിയുടെ പ്രവര്‍ത്തകരോടൊപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
വന്ദേമാതരത്തിന്റെ നൃത്താവിഷ്‌കാരം
ഇതിനു ശേഷമാണ് വന്ദേ മാതരത്തിന്റെ നൃത്ത്യാവിഷ്‌ക്കാരം നടന്നത്. കഥകളികലാകാരിയായ രഞ്ജിനി സുരേഷും മോഹിനിയാട്ടം കലാകാരിയും ആര്‍എല്‍ വി കോളജ് മോഹിനിയാട്ടം മേധാവിയുമായ ഡോ.ശാലിനി ഹരികുമാറും വന്ദേ മാതരത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തി. കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ചുള്ള ഈ ദൃശ്യവിരുന്ന് ശ്രദ്ധേയമായി. വന്ദേ മാതരത്തിലെ ഓരോ വരികളുടെയും അര്‍ത്ഥം കഥകളി മുദ്രകളിലൂടെയും മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയോടെയും അവര്‍ അവതരിപ്പിച്ചു. ത്വം ഹി ദുര്‍ഗ്ഗാദശ പ്രഹരണധാരിണി എന്നുള്ളത് പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചത്. കലാമണ്ഡലം വിനോദാണ് ഇതിനു വേണ്ടി വന്ദേ മാതരം ചിട്ടപ്പെടുത്തിയത്. പ്രശസ്ത വാദ്യകലാകാരന്മാരായ ഗോപീകൃഷ്ണന്‍ തമ്പുരാന്റെ ചെണ്ടയും കലാമണ്ഡലം രാംദാസ് നമ്പീശന്റെ മദ്ദളവും അതിന്റെ മിഴിവുകൂട്ടി. ആര്‍.എല്‍.വി ശ്രീനാഥും കൂട്ടരും അവതരിപ്പിച്ച ദേശഭക്തിഗാനമേളയോടുകൂടി പരിപാടിയുടെ തിരശ്ശീല വീണു.