പത്തനംതിട്ട: കൊടുമണ്‍ വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ശബരിമല വികസനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലോ സമീപ മേഖലയിലോ വിമാനത്താവളം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്താന്‍ കേന്ദ്ര വ്യോമയാന വകുപ്പ് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ കൊടുമണ്‍ വിമാനത്താവള പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്നദ്ധത അറിയിച്ചതായി കൊടുമണ്‍ വിമാനത്താവള ആക്ഷന്‍ കമ്മിറ്റി ജന്മഭൂമിയോട് പറഞ്ഞു.
ഇതിനായി ഏതാനും ദിവസം മുമ്പ് സമയം നിശ്ചയിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് അടിയന്തരമായി ദല്‍ഹിക്ക് പോകേണ്ടി വന്നതിനാല്‍ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്കു മാറ്റി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഭൂമി സംബന്ധമായ തീരുമാനവും പദ്ധതിക്ക് തത്വത്തിലുള്ള അനുമതിയുമാണ് ആവശ്യം. ഒപ്പം സ്വകാര്യ മേഖലയിലാണൊ അതൊ പൊതു മേഖലയിലാണൊ പദ്ധതി നടപ്പാക്കേണ്ടത് എന്നതും തീരുമാനിക്കണം. സിയാല്‍ മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതും പരിശോധിക്കും. ഇക്കാര്യങ്ങളില്‍ തീര്‍പ്പായാല്‍ തുടര്‍നടപടികള്‍ അതിവേഗം പുരോഗമിക്കും.
പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയുടെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കി വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കൊടുമണ്‍ വിമാനത്താവള ആക്ഷന്‍ കമ്മിറ്റിയുടെ പൂര്‍ണ സഹായം ഉണ്ടാകുമെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു.
















