
മ്യൂണിക്: വിഖ്യാത ഫുട്‌ബോള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ ദേശീയ ടീം പ്രധാന കോച്ചായി നിയമിക്കപ്പെട്ടു. നാട്ടുകാരനായ ക്ലോപ്പുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാല് വര്‍ഷത്തെ കരാര്‍ ആണ് ഒപ്പിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയോട് ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെ ടീം പരിശീലകന്‍ ഹൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചൊഴിഞ്ഞു.
59 കാരനായ യര്‍ഗന്‍ ക്ലോപ്പിന് നിലവില്‍ ചുമതലകളൊന്നുമില്ലാതിരിക്കെയാണ് ജര്‍മന്‍ ടീം പരിശീലകനാകുവാനുള്ള ക്ഷണം ലഭിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സിയെ ഒമ്പത് വര്‍ഷത്തോളം പരിശീലിപ്പിച്ച് ക്ലബ്ബിനെ അതിന്റെ പ്രതാപകാലം തിരിച്ചുനല്‍കിയ ശേഷമാണ് ക്ലോപ്പ് രണ്ട് വര്‍ഷം മുമ്പ് പടിയിറങ്ങിയത്. വിവിധ ക്ലബ്ബ് ടീമുകളുടെ പരിശീലകനായിട്ടുള്ള ക്ലോപ്പ് ആദ്യമായാണ് അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് തിരിയുന്നത്. ലിവര്‍പൂള്‍ പരിശീലകനാകും മുമ്പ് ഏഴ് വര്‍ഷം വീതം ജര്‍മന്‍ ക്ലബ്ബുകളായ മെയിന്‍സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.