ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോല്‍ 2026ല്‍ നിന്നുള്ള ഫിഫയുടെ സ്വപ്‌ന ഇലവനെ പ്രഖ്യാപിച്ചു. വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ ടീമില്‍ ഗോള്‍ വല കാക്കുന്നത് കേപ് വെര്‍ദെ ഗോളി വൊസീഞ്ഞ ആണ്. ടൂര്‍ണമെന്റിന്റെ താരത്തിനുള്ള സ്വര്‍ണ പന്ത് സ്വന്തമാക്കിയ റോഡ്രി, സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്‍ഡ് എന്നിവരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പ് അരങ്ങേറ്റക്കാരായ കേപ് വേര്‍ദെയ്‌ക്കായി ടൂര്‍ണമെന്റിലുടനീളം 18 സേവുകള്‍ നടത്തിയത് ടീമിന്റെ റൗണ്ട് ഓഫ് 32 വരെയുള്ള കുതിപ്പില്‍ നിര്‍ണായകമായി. ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ സമനില (0-0) പിടിച്ച മത്സരത്തിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ലോകകപ്പിന് പിന്നാലെ ഫിഫ തെരഞ്ഞെടുക്കുന്ന ലോക ഇലവനിലെ ടീം അംഗങ്ങള്‍ മിക്കപ്പോഴും സെമിവരെ മുന്നേറുന്നവരില്‍ നിന്നായിരിക്കും. എന്നാല്‍ വളരെ നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായൊരാള്‍ ആദ്യമായാണ് ഇടം കണ്ടെത്തിയത്. ചാമ്പ്യന്മാരായ സ്‌പെയിനില്‍ നിന്നും നാലാം സ്ഥാനക്കാരായ ഫ്രാന്‍സില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതം ടീമിലുണ്ട്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് മെസ്സിയും എംബാപ്പെയും ഫിഫയുടെ ഡ്രീം 11ല്‍ ഒന്നിച്ചെത്തുന്നത്.
ഫിഫ ലോകകപ്പ് 2026 ഡ്രീം 11
4-3-3 ഫോര്‍മേഷനെയാണ് കൂടുതല്‍ പേരും പിന്തുണച്ചത്.
ഗോള്‍കീപ്പര്‍:
വോസീഞ്ഞ (കേപ് വേര്‍ദെ) 39.6% വോട്ട് നേടി. ഗോള്‍ഡന്‍ ഗ്ലോവ് ജേതാവായ ഉനായ് സിമണെ മറികടന്നാണ് വോസീഞ്ഞ ഈ സ്ഥാനം സ്വന്തമാക്കിയത്.
പ്രതിരോധ നിര: പെഡ്രോ പോറോ (സ്‌പെയിന്‍) റൈറ്റ് ബാക്ക്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (അര്‍ജന്റീന) സെന്റര്‍ ബാക്ക്, ദയോത് ഉപമെകാനോ (ഫ്രാന്‍സ്) സെന്റര്‍ ബാക്ക്, മാര്‍ക്ക് കുക്കുറെയ (സ്‌പെയിന്‍) ലെഫ്റ്റ് ബാക്ക്
മധ്യനിര: റോഡ്രി (സ്‌പെയിന്‍), ജൂഡ് ബെല്ലിങ്ങാം (ഇംഗ്ലണ്ട്), മൈക്കല്‍ ഒലിസെ (ഫ്രാന്‍സ്).
മുന്നേറ്റ നിര: ലയണല്‍ മെസ്സി (അര്‍ജന്റീന), എര്‍ലിങ് ഹാലന്‍ഡ് (നോര്‍വേ), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്)
















