ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിന്ന് കാൽ തെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ ചെന്നൈ സ്വദേശി കാർത്തിക്കിനെ രക്ഷപ്പെടുത്തി. കൊളുക്കുമലയിലെത്തിയ വിനോദസഞ്ചാരിയായ യുവാവ് പാറയിൽ നിൽക്കവേ തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ പ്രദേശവാസികളായ ടാക്സി തൊഴിലാളികളും കേരള പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റ യുവാവിനെ പുറത്തെടുത്ത് മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവം തമിഴ്‌നാട് അതിർത്തിയുടെ ഭാഗമായിട്ടും തമിഴ്‌നാട് പോലീസോ ഫയർഫോഴ്‌സോ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ആഴമേറിയ കൊക്കയായതിനാൽ ഏറെ ദുഷ്കരമായ രീതിയിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ഒരു മാസം മുമ്പും ഇതേ സ്ഥലത്ത് മറ്റൊരു യുവാവ് കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അന്ന് മൃതദേഹം കണ്ടെത്താനായത്. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും, ശാന്തന്‍പാറയില്‍ നിന്നുള്ള പോലീസും രാജാക്കാട് ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
















